തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ദർശനത്തിനെത്തിയ കുഞ്ഞിനെ ആക്രമിച്ച് പുലി. കൗഷിക് എന്ന മൂന്ന് വയസ്സുകാരന് നേരെ ആയിരുന്നു പുലിയുടെ ആക്രമണം. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലിൽ വച്ചാണ് സംഭവം. കുഞ്ഞിനെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ആളുകൾ ഉടനെ തന്നെ ഓടിക്കൂടുകയും ബഹളം വച്ച് കല്ലെടുത്ത് എറിയുകയും ചെയ്തതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് തന്നെ മറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുപ്പതി ദേവസ്വം ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുഞ്ഞിനെ പത്മാവതിയിലെ ആശുപത്രിയിലേക്ക് മാറ്റി.










