മുംബൈ: വിവാഹമോചനത്തിന് ശേഷം പുനർവിവാഹം ചെയ്യാത്തിടത്തോളം കാലം മുസ്ലീം സ്ത്രീകൾക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് കോടതി. ബോംബൈ ഹൈക്കോടതിയാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. മുസ്ലീം സ്ത്രീകൾക്ക് ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 (ഡിവി ആക്റ്റ്) പ്രകാരം ജീവനാംശം തേടാമെന്ന് കോടതി ഉത്തരവിട്ടു.തലാഖ് നൽകിയാലും ഡിവി ആക്ടിലെ സെക്ഷൻ 12 പ്രകാരം ആരംഭിച്ച നടപടികളിൽ സ്ത്രീയ്ക്ക് ജീവനാംശം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
2006 ൽ വിവാഹിതരായ ദമ്പതികളുമായി ബന്ധപ്പെട്ടതാണ് കേസ്. വിവാഹശേഷം സൗദി അറേബ്യയിലേക്ക് താമസം മാറി. വിവാഹശേഷം യുവതിയുടെയും ഭർത്താവിന്റെ കുടുംബങ്ങൾ തമ്മിൽ തർക്കം ഉണ്ടാവുകയും ഭർത്താവ് യുവതിയോട് മോശമായി പെരുമാറാനും തുടങ്ങി. 2012 ൽ ഇവർ ഇന്ത്യയിലേക്ക് തിരിച്ചെത്തി. യുവതി , പ്രായപൂർത്തിയാകാത്ത മകനൊപ്പം മാതാപിതാക്കളോടൊപ്പം താമസമാരംഭിച്ചു. ഭർത്താവ് മറ്റ് രണ്ട് കുട്ടികളോടൊപ്പം സൗദിയിലേക്ക് താമസം മാറി. പിന്നാലെ ഭർത്താവ് യുവതിയെ തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തി.
കേസ് കോടതിയിലെത്തിയതോടെ ഗാർഹിക പീഡനത്തിന് ഇരയായ യുവതിക്ക് 7,500 രൂപയും പ്രായപൂർത്തിയാകാത്ത മകന് 2,500 രൂപയും വാടകയായി 2000 രൂപയും ജീവനാംശം നൽകണമെന്ന് മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. മജിസ്ട്രേറ്റ് യുവതിയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു. സെഷൻസ് കോടതി ജീവനാംശം 16,000 രൂപയായി ഉയർത്തി. ഇതേത്തുടർന്നാണ് ഭർത്താവ് ഹൈക്കോടതിയെ ചോദ്യം ചെയ്തു.
ഇരുവരും വേർപിരിഞ്ഞ് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഡിവി പരാതി നൽകിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അവകാശപ്പെട്ടു. എന്നാൽതെളിവുകളുടെ സൂക്ഷ്മപരിശോധനയിൽ യുവതി, ഭർത്താവിനന്റെ ഗാർഹിക പീഡനത്തിന് ഇരയായി. വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് പുനർവിവാഹം ചെയ്യാത്തിടത്തോളം ജീവനാംശത്തിന് അർഹതയുണ്ടെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി, ബോംബൈ ഹൈക്കോടതി ജീവാനാംശം ശരിവയ്ക്കുകയായിരുന്നു.
Discussion about this post