നൈജീരിയ : മതനിന്ദയാരോപിച്ച് യുവാവിനെ പരസ്യമായി കല്ലെറിഞ്ഞ് കൊന്നു. ഉസ്മാൻ ബുഡ എന്നയാളാണ് കൊല്ലപ്പെട്ടത്. നൈജീരിയയിലെ സൊകോട്ടോയിലാണ് സംഭവം. മുഹമ്മദ് നബിക്കെതിരെ സംസാരിച്ചുവെന്ന് ആരോപിച്ചാണ് നാട്ടുകാർ ചേർന്ന് ഇയാളെ കല്ലെറിഞ്ഞ് കൊന്നത്.
പ്രദേശത്തെ കശാപ്പുകടയിൽ ജോലി ചെയ്ത് വരികയായിരുന്നു ഉസ്മാൻ. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇയാൾ നബിക്കെതിരെ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആളുകളും കുട്ടികളും ചുറ്റിനും നിന്ന് കല്ലെറിയുന്നത് വീഡിയോയിൽ കാണാം. അള്ളാഹു അക്ബർ വിളിച്ചാണ് ആക്രമണം നടത്തുന്നത്.
ആറും ഏഴും വയസ്സള്ള കുട്ടികൾ വരെ ഇയാളെ കല്ലെറിയുന്നുണ്ട്. നിലത്ത് നിന്ന് എഴുന്നേറ്റ് രക്ഷപ്പെടാൻ ഉസ്മാൻ ശ്രമിച്ചെങ്കിലും ഇയാളെ ആളുകൾ വടികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.
എന്നാൽ ഉസ്മാൻ നല്ല മുസ്ലീമാണെന്നും അയാൾ ഒരിക്കലും നബിക്കെതിരെ സംസാരിക്കില്ലെന്നും പ്രദേശവാസികൾ പറയുന്നുണ്ട്. ഉസ്മാന്റെ ലാഭകരമായ കച്ചവടത്തിൽ അസൂയ ഉണ്ടായിരുന്നവരാണ് ഇയാൾ മതനിന്ദ നടത്തിയെന്ന് ആരോപിച്ചത് എന്നും അടുത്ത സുഹൃത്തുക്കൾ പറയുന്നുണ്ട്.












