അട്ടപ്പാടി : അട്ടപ്പാടിയിൽ അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു. പാലൂരിലെ ജനവാസമേഖലയിലെത്തിയ കുട്ടിക്കൊമ്പനെ ബൊമ്മിയാംപടിയിലെ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റ് ക്യാമ്പിലാണ് പാർപ്പിച്ചിരുന്നത്. 13 ദിവസത്തോളം കുട്ടിയാന അമ്മയ്ക്കായി കാത്തിരുന്നു. ഇന്ന് രാത്രിയോടെയാണ് ചരിഞ്ഞത്
ഇന്നലെ രാവിലെ മുതൽ കുട്ടിയാന അവശനിലയിലായിരുന്നു. രാവിലെ മുതൽ ഡോക്ടർമാർ കുട്ടിയാനയെ പരിചരിച്ച് വരികയായിരുന്നു. എന്നാൽ വൈകീട്ടോടെ ആരോഗ്യനില മോശമായി.
ജൂൺ 15 നാണ് പാലൂരിലെ ജനവാസമേഖലയിൽ കൂട്ടം തെറ്റി കുട്ടിയാന എത്തുന്നത്. മണിക്കൂറുകൾ കഴിഞ്ഞ് അമ്മയാന കുഞ്ഞിനെ കാടുകയറ്റി കൊണ്ടുപോയെങ്കിലും അടുത്ത ദിവസം കുട്ടിയാന വീണ്ടും ജനവാസമേഖലയിലെത്തി. തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരു വയസ്സുള്ള കുട്ടി കാട്ടാനയെ കണ്ടത്.
കൂട്ടംതെറ്റിയ കുട്ടിയാന സ്വകാര്യതോട്ടത്തിലെ തോടിനരികിൽ നിൽക്കുകയായിരുന്നു. വളരെയധികം അവശനായിരുന്നു കുട്ടിക്കൊമ്പൻ. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അവന് വെളളവും കരിക്കും ഭക്ഷണങ്ങളുമെല്ലാം നൽകി. കൃഷ്ണ എന്നാണ് കുട്ടിയാനയെ എല്ലാവരും വിളിച്ചത്.
പിന്നീട് ഒരു ദിവസം രാത്രി അമ്മയാന കുഞ്ഞിന് അരികിൽ എത്തിയെങ്കിലും കൃഷ്ണയെ കൂട്ടാതെ വനത്തിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വെറ്റനറി ഡോക്ടർ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു.
Discussion about this post