സോൾ: പ്രായം കണക്കാക്കുന്നതിന് ഇനി മുതൽ ലോകത്തെമ്പാടുമുള്ള പൊതുരീതി സ്വീകരിക്കാൻ തീരുമാനിച്ച് ദക്ഷിണ കൊറിയ. ഇന്നുമുതൽ തുവരെ പിന്തുടർന്നിരുന്ന പരമ്പരാഗത രീതി ഉപേക്ഷിക്കും. ഇതോടെ കൊറിയക്കാരുടെ 1-2 വയസ് വരെയാണ് കുറയുന്നത്. അന്താരാഷ്ട്ര അംഗീകാരമുള്ള സംവിധാനം ഔദ്യോഗികമായി സ്വീകരിക്കുമെന്ന് സർക്കാർ നിയമനിർമ്മാണ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഉത്തരകൊറിയ 1985 മുതലേ പൊതുരീതിയാണ് പിന്തുടരുന്നത്.
കൊറിയൻ രീതി പ്രകാരം പിറന്നുവീഴുന്ന കുഞ്ഞിന് ഒരു വയസാണ് പ്രായം. പിന്നീട് വരുന്ന ജനുവരി ഒന്നിന് കുഞ്ഞിന് അടുത്ത വയസ് തികയും. അതായത് ഡിസംബർ 31 ന് ജനിക്കുന്ന കുഞ്ഞിന് പിറ്റേന്ന് തന്നെ 2 വയസ് തികയുമെന്ന് അർത്ഥം. ഈ രീതി ഉപേക്ഷിക്കുന്നതോടെ, ജനനസമയത്ത് പൂജ്യം വയസും ആദ്യത്തെ ജന്മദിനത്തിൽ ഒരു വയസും തികയുന്ന പൊതുരീതിയാണ് പിന്തുടരുക.
എന്നാൽ, സ്‌കൂൾ അഡ്മിഷൻ, നിർബന്ധിത സൈനികസേവനം തുടങ്ങിയ വിഷയങ്ങളിൽ പൊതുരീതി പിന്തുടരുമ്പോഴും ജനിച്ച മാസമോ തീയതിയോ കണക്കാക്കാതെ ജനുവരി 1 അടിസ്ഥാനമാക്കിയാകും യോഗ്യത നിർണയിക്കുക.












