ന്യൂഡൽഹി: അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി സുപ്രീംകോടതി. ആനയെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് പരിഗണിക്കുന്നത് മാറ്റിയത്. ജൂലൈ ആറിന് ഹർജി പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും ഹർജി അടിയന്തിരമായി പരിഗണിച്ച് അന്തിമ തീർപ്പ് കൽപ്പിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചത്.
ഒന്നിലധികം തവണ മയക്കുവെടി വച്ചാണ് ആനയെ പിടികൂടിയത്. ഈ സാഹചര്യത്തിൽ ആനയുടെ ആരോഗ്യസ്ഥിതി മോശമാണ്. ഇതിന് പുറമേ അനുയോജ്യമായ സ്ഥലത്ത് അല്ല അരിക്കൊമ്പൻ ഉള്ളത്. ഇത് ആനയുടെ ആരോഗ്യത്തെ ബാധിക്കും. അതിനാൽ ആനയെ ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ ഈ ഹർജി അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ആനകൾ ശക്തരാണ്. ആരോഗ്യം അത്ര പെട്ടെന്ന് ഒന്നും മോശമാകില്ല. ഹർജി ജൂലൈ ആറിന് പരിഗണിക്കും. അതുവരെ ആനയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post