ഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഇന്ത്യ തൂക്കിലേറ്റിയ അഫ്സല് ഗുരുവിനെ രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കാട്ടി തീവ്രവാദ സംഘടനയായ ജയ്ഷ് ഇ മുഹമ്മദിനെ ശക്തിപ്പെടുത്താന്‍ പാക് ചാര സംഘടന ഐ.എസ്.ഐ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.
കഴിഞ്ഞയാഴ്ച സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ കൈകളില്‍ അഫ്സല് ഗുരുവിന്റെ പേര് പച്ചകുത്തിയതായി കണ്ടെത്തിയിരുന്നു.അഫ്സല് ഗുരു സ്ക്വാഡ് എന്നെഴുതിയ ഇവരുടെ ബാഗുകളും സംശയം ബലപ്പെടുത്തുന്നു.
ജമ്മു കാശ്മീരില്‍ പ്രവര്‍ത്തിച്ചുവരുന്ന ജയിഷ് ഇ മുഹമദ് എന്ന തീവ്രവാദ സംഘടനയുടെ ശക്തി ക്ഷയിക്കുന്നതിനിടെ സംഘടനയെ ബലപ്പെടുത്താന്‍ ഐ.എസ്.ഐ അഫ്സല് ഗുരുവിനെ മഹത്വവത്ക്കരിക്കുകയാണെന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ സുരക്ഷാപ്രശ്നങ്ങളുണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ പാളിയതിനിടെയാണ് ജയ്ഷ് ഇ മുഹമ്മദിനെ പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള ഐ.എസ്.ഐ ശ്രമം.
അഫ്സല് ഗുരുവിന്റെ പേര് ഉയര്‍ത്തിക്കാട്ടിയാല്‍ ജമ്മുവില്‍ നിന്ന് കൂടുതല്‍ യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഐ.എസ്.ഐ കരുതുന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ഐ.എസ്.ഐക്ക് കൈമാറിയതിന് ഒരു ബി.എസ്.എഫ് ജവാനെ ഇന്ത്യ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെക്കൂടാതെ ഇതേ കേസില്‍ കൊല്‍ക്കത്തയില്‍ നിന്ന് മറ്റു നാലുപേരും പിടിയിലായിട്ടുണ്ട്.
Discussion about this post