കാസർകോട്: സംസ്ഥാനത്ത് പനിബാധിച്ച് ഒരു മരണം കൂടി. കാസർകോട് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതി (28) ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു അശ്വതിയുടെ മരണം. കഴിഞ്ഞ ആഴ്ചയായിരുന്നു യുവതിയ്ക്ക് പനി ബാധിച്ചത്. ഇത തുടർന്ന് കാസർകോട്ട് ആശുപത്രിയിൽ എത്തി അശ്വതി ചികിത്സ തേടുകയായിരുന്നു. എന്നാൽ പനി മാറിയില്ല. ചൊവ്വാഴ്ചയോടെ പനി രൂക്ഷമാകുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. ഇതോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ ചികിത്സ നൽകിയിട്ടും ആരോഗ്യനില അതേപടി തുടർന്നു. ഇന്നലെയോടെ ആരോഗ്യനില കൂടുതൽ വഷളായി. ഇതോടെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
ഒടയംചാൽ സ്വദേശിനിയാണ് അശ്വതി. യുവതിയ്ക്കും ഭർത്താവിനും ആറ് വയസ്സുള്ള കുട്ടിയുണ്ട്. സംസ്‌കാരം സ്വന്തം വീട്ടിൽ നടക്കും.












