തൃശ്ശൂർ: തിയറ്റർ ബുക്കിംഗ് ആപ്പുകളില്ലാതെ സാധാരണക്കാർക്ക് വാട്സ്ആപ്പ് വഴിയും മറ്റും സർവ്വീസ് ചാർജ്ജില്ലാതെ സിനിമ കാണാൻ അവസരമൊരുക്കിയതിന് സൈബർ ആക്രമണം നേരിടുന്ന തൃശൂർ ഗിരിജ തിയേറ്റർ ഉടമ ഡോ.ഗിരിജയെ നേരിട്ട് സന്ദർശിച്ച് പിന്തുണ അറിയിച്ച് ബിജെപി വനിതാ നേതാക്കൾ. ബിജെപി തൃശൂർ ജില്ലാ സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ പൂങ്കുന്നം ഡിവിഷൻ കൗൺസിലറുമായ ഡോ. വി ആതിരയും പാട്ടുരായ്ക്കൽ ഡിവിഷൻ കൗൺസിലർ രാധിക.എൻവിയും നേരിട്ടെത്തി ഡോ. ഗിരിജയെ സന്ദർശിച്ചാണ് പിന്തുണ അറിയിച്ചത്.
സമൂഹമാദ്ധ്യമങ്ങളിൽ ഭീകരമായ രീതിയിലാണ് ഇവർ സൈബർ അറ്റാക്കിനു ഇരയായിക്കൊണ്ടിരിക്കുന്നതെന്ന് ആതിര വ്യക്തമാക്കി. കോവിഡാനന്തരം തിയേറ്ററുകളിലേക്ക് ജനങ്ങൾ വീണ്ടും വന്നു തുടങ്ങിയപ്പോൾ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന ഭീമമായ സർവീസ് ചാർജുകൾ എന്ന കൊള്ളയ്‌ക്കെതിരെ പ്രേക്ഷകർക്കൊപ്പം കൂട്ടുചേർന്ന് അതിനെതിരെ പോരാടാൻ തീരുമാനിച്ചതോടെയാണ് സൈബർ ആക്രമണവും തിയേറ്റർ ബോയ്‌കോട്ട് നടപടികളും നേരിടാൻ തുടങ്ങിയത്.
പ്രേക്ഷകർക്ക് വാട്‌സാപ്പ് മുഖേന അധിക തുക ഈടാക്കാതെ സാധാരണ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ആരംഭിച്ചതാണ് ഓൺലൈൻ ആപ്പുകളെ ചൊടിപ്പിച്ചത്. ഇതിനായി അവർ കണ്ട വഴി കൂലിക്ക് ആളെവെച്ച് ഗിരിജ തിയേറ്ററിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ മാസ്സ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുക എന്നതായിരുന്നു. എന്നാൽ ഇപ്പോൾ അത് വ്യക്തിവൈരാഗ്യം വരെ ആയി മാറിയിരിക്കുന്നു. തിയേറ്റർ വിൽക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ നിരസിച്ചതു പോലും ഈ സൈബർ അറ്റാക്കിനു കാരണമായിരിക്കുന്നുവെന്നും ആതിര വ്യക്തമാക്കി.
കുറച്ചു വർഷം മുൻപു വരെ ഗിരിജാ തിയേറ്റർ എന്ന് കേട്ടാൽ മിക്കവരും മുഖം തിരിക്കുമായിരുന്നു. കാരണം അവിടെ മോശം ചിത്രങ്ങൾ മാത്രമായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. അങ്ങനെ ഒരു തിയേറ്ററിലേക്ക് അത്തരം സിനിമകളെ ഒഴിവാക്കി കുടുംബ പ്രേക്ഷകർക്ക് സ്വീകാര്യമാകുന്ന തരത്തിലേക്ക് എത്തിച്ചത് ഗിരിജചേച്ചിയുടെ നിശ്ചയദാർഢ്യം മാത്രമാണ്.
തുടക്കകാലത്തെ പ്രതിസന്ധികൾ പലതിനെയും തരണം ചെയ്ത് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും കുടുംബ സിനിമാപ്രേമികളുടെയും സ്‌നേഹവും വാത്സല്യവും അംഗീകാരവും നേടിയെടുത്ത് മികച്ച ഒരു സംരംഭകയായി മാറുകയായിരുന്നു ഡോ. ഗിരിജയെന്നും ഡോ. ആതിര
അഭിപ്രായപ്പെട്ടു.
നമ്മുടെ നാട്ടിൽ സൈബർ അറ്റാക്കിംഗിനു എതിരെ പരാതി കൊടുത്താൽ നടപടി ഉണ്ടാവണമെങ്കിൽ മന്ത്രിയോ എംഎൽഎയോ ആവണം. സൈബർ അറ്റാക്ക് നേരിട്ട ഇര പത്തുപ്രാവശ്യം പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയാലും പ്രതികളെ ഒരിക്കൽ പോലും സ്റ്റേഷനിലേക്ക് വിളിപ്പിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. അവരുടെ സ്‌ക്രീൻഷോട്ട് കൊടുത്താൽ മാത്രം പോരാ അഡ്രസ്സും നമ്മൾ തന്നെ തപ്പിയെടുത്ത് കൊടുക്കണം.
തങ്ങൾക്ക് എതിരാളിയാകും എന്ന് തോന്നുന്ന സ്ത്രീകളെ ഇല്ലാതാക്കാനും തളർത്താനും ഏറ്റവും എളുപ്പം അവർക്കെതിരെ അപവാദവും അശ്ലീല വാർത്തകളും പ്രചരിപ്പിക്കുകയാണ്. വായിക്കുന്നവർക്കും അത് സുഖം എന്നാൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് വന്നവരെ തളർത്താൻ ഇത് കൊണ്ടൊന്നും സാധിക്കില്ല. ഗിരിജ ചേച്ചി അത്തരത്തിൽ ഒരാളാണ്. ഇതുകൊണ്ടൊന്നും അവർ തളരില്ല. തളർത്താൻ ആളുകൾ ഉണ്ടെങ്കിൽ ചേർത്ത് നിർത്താൻ അതിലും കൂടുതൽ പേർ ഉണ്ടാവും.
ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ ഒരു സംരംഭം തുടങ്ങാൻ തന്നെ ബുദ്ധിമുട്ടാണ്, ആന്തൂർ സാജനും കോട്ടയത്തെ രാജ്‌മോഹനും ഒക്കെ ഇതിന് ഉദാഹരണങ്ങളാണ്. അപ്പോഴാണ് സ്ത്രീകൾ അധികം കടന്നു ചെല്ലാത്ത മേഖലയിൽ വിജയിച്ച ഒരു സംരംഭകയെ ഇത്തരത്തിൽ തളർത്താൻ നോക്കുന്നത്. ഇതിനെ നേരിടാൻ തക്കത്തിൽ നമ്മുടെ നിയമ സംവിധാനങ്ങൾ മാറിയേ മതിയാവൂ എന്നും ആതിര ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post