ബെയ്ജിങ് : പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ പുതിയ വിദേശ നയം പാസാക്കിയിരിക്കുകയാണ് ചൈന. തങ്ങൾക്ക് ഭീഷണിയാകുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനുള്ള അധികാരം നൽകുന്ന രീതിയിൽ സമഗ്രമായ മാറ്റങ്ങളാണ് പുതിയ നിയമത്തിൽ ഉള്ളത്. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന നിയമം വാഷിംഗ്ടണിന് എതിരായ ചൈനയുടെ പ്രതികാര നടപടികളുടെ കൂടി ഭാഗമാണെന്നാണ് അന്താരാഷ്ട്ര തലത്തിൽ വിലയിരുത്തപ്പെടുന്നത്.
വിദേശനയത്തിന്റെ പേരിൽ വാഷിംഗ്ടൺ സാമ്പത്തിക ഉപരോധം നടപ്പാക്കുന്നതിനെതിരെ ചൈന പ്രതിഷേധിച്ചിരുന്നു. വിദേശ നടപടികളെ ചെറുക്കാൻ ലക്ഷ്യമിട്ട് ചൈന 2021 ൽ പുതിയ വിദേശ ഉപരോധ നിയമം നടപ്പിലാക്കുകയും ചെയ്തിരുന്നു. യുഎസുമായി നിലനിൽക്കുന്ന തർക്കങ്ങൾക്കൊപ്പം ഇന്ത്യയും യുഎസും തമ്മിലുള്ള ഇപ്പോഴത്തെ സൗഹൃദബന്ധവും ചൈനയ്ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇപ്പോൾ ചൈന നടപ്പിലാക്കിയിരിക്കുന്ന പുതിയ വിദേശനയം അനുസരിച്ച് പരസ്പരബന്ധം വഷളായാൽ ഇന്ത്യയെ ലക്ഷ്യം വയ്ക്കാൻ മടിക്കില്ല എന്നാണ് പറയുന്നത്.
രാജ്യത്തെ സംരക്ഷിക്കുന്നതിനും ‘ദേശീയ പുനരുജ്ജീവനത്തെ’ പിന്തുണയ്ക്കുന്നതിനും വലിയ പ്രാധാന്യം നൽകുന്ന നിയമമാണിതെന്ന് ചൈനയുടെ പാർലമെന്റ് ചെയർമാൻ ഷാവോ ലെജി വ്യക്തമാക്കി. നിലവിൽ ചൈനയുടെ വിദേശനയങ്ങളിൽ തീരുമാനമെടുക്കുന്നത് ഷി ജിൻ പിങ് അധ്യക്ഷനായ സെൻട്രൽ ഫോറിൻ അഫയേഴ്സ് കമ്മീഷനാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഡയറക്ടറും മുൻ വിദേശകാര്യ മന്ത്രിയുമായ വാങ് യിയാണ് ഈ കമ്മീഷന്റെ ഡയറക്ടർ.
Discussion about this post