വയനാട്: സംസ്ഥാനത്ത് എച്ച്1എൻ1 ബാധിച്ച് ഒരു മരണം. തലപ്പുഴ സ്വദേശിനി ആയിഷ (48) ആണ് മരിച്ചത്. ഇതോടെ ജില്ലയിൽ പനിബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
കഴിഞ്ഞ ആഴ്ചയാണ് ആയിഷയ്ക്ക് പനി ബാധിച്ചത്. ആരോഗ്യനില മോശമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം 30ന് എച്ച്1എൻ1 സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയോടെ ആരോഗ്യനില കൂടുതൽ വഷളായി. ഇതേ തുടർന്ന് രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്.
നേരത്തെ രണ്ട് കുട്ടികളാണ് ജില്ലയിൽ കടുത്ത പനിയെ തുടർന്ന് മരിച്ചത്. ഇതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ.അസ്മ റഹീമിൻറെ നേതൃത്വത്തിൽ രണ്ടു സംഘം ജില്ലയിലെ രോഗബാധിത മേഖലകളിൽ പരിശോധന നടത്തിയിരുന്നു.












