ന്യൂഡൽഹി: 85 ലക്ഷം രൂപയുമായി രണ്ട് മലയാളികളെ ഡൽഹിയിൽ പിടികൂടി. ഡൽഹി പോലീസാണ് പതിവ് പരിശോധനയ്ക്കിടെ ഇവരെ കസ്റ്റഡിയിലെടുത്തത്. ഹവാല പണമാണ് ഇവരുടെ കൈയ്യിലുണ്ടായിരുന്നതെന്നാണ് സംശയം. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
പണവുമായി ബന്ധപ്പെട്ട രേഖകൾ പോലീസിന് മുൻപിൽ ഹാജരാക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകിട്ടാണ് ഇരുവരും പിടിയിലായത്. പ്രഗതി മൈതാനിന് സമീപം പോലീസ് ഇവരുടെ ബൈക്ക് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിൽ തുടരന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഹവാല പണം ഇതുവഴി കടത്താൻ സാദ്ധ്യതയുണ്ടെന്ന് ഇഡിയും ആദായനികുതി വകുപ്പും മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ ആഴ്ച നാല് പേർ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി ഒരു ഡെലിവറി ഏജന്റിന്റെയും സഹായിയുടെയും കൈയ്യിൽ നിന്ന് 2 ലക്ഷം രൂപ കവർന്നിരുന്നു. പ്രഗതി മൈതാൻ ടണലിലായിരുന്നു ഈ സംഭവം നടന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ പരിശോധനകൾ കർശനമാക്കിയത്.
പണം കൈമാറാനായി കാബിൽ പോകുമ്പോഴായിരുന്നു ഇവരെ തടഞ്ഞുനിർത്തിയത്.
മോഷ്ടാക്കളുടെയും ഹവാല ഇടപാടുകാരുടെയും ഇഷ്ടപാതയായി പ്രഗതി മൈതാൻ ടണൽ മാറിക്കൊണ്ടിരിക്കുകയാണെന്നും പെട്ടന്ന് ആരും സഹായിക്കാനെത്തില്ലെന്ന സാഹചര്യം മുതലെടുത്താണ് ഇവർ ഇവിടെ കേന്ദ്രീകരിക്കുന്നതെന്നും പോലീസ് പറഞ്ഞു. മറ്റ് വാഹനങ്ങൾ ടണലിൽ നിർത്തില്ലെന്ന സാഹചര്യവും ഇവർക്ക് സഹായമാകുന്നതായി പോലീസ് ചൂണ്ടിക്കാട്ടി.
Discussion about this post