ന്യൂഡൽഹി: അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജികൾ വ്യാപകമായി ലഭിക്കുന്നതിനിടെ വിമർശനവുമായി സുപ്രീംകോടതി. ഹർജികൾ കാരണം പൊറുതിമുട്ടുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടന നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. അതേസമയം സംഘടനയുടെ അഭിഭാഷകന് കോടതി പിഴയിട്ടു.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു തുടർച്ചയായി ലഭിക്കുന്ന ഹർജികളിൽ അതൃപ്തി പ്രകടിപ്പിച്ചത്. അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാൽ ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീംകോടതിയെ സമീപിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു.
എന്നാൽ കേരള ഹൈക്കോടതിയിൽ ആണോ, മദ്രാസ് ഹൈക്കോടതിയിൽ ആണോ ഹർജി ഫയൽ ചെയ്യേണ്ടത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അഭിഭാഷകൻ ദീപക് പ്രകാശ് കോടതിയോട് പറഞ്ഞു. അരിക്കൊമ്പൻ ജീവനോട് കൂടിയുണ്ടോ എന്ന് വ്യക്തമല്ല. അതുകൊണ്ട് ആനയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കാൻ തമിഴ്‌നാട് സർക്കാരിനോട് നിർദ്ദേശിക്കണമെന്നും കോടതിയിൽ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് അഭിഭാഷകന് പിഴയിട്ടത്.
ഹർജി എവിടെയാണെന്ന് പറയേണ്ടത് തങ്ങളല്ലെന്ന് ചീഫ് ജസ്റ്റിസ് ഇതിന് മറുപടി നൽകി. ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയൽ ചെയ്യുന്ന ഹർജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ വിമർശിച്ചതാണ് പിഴയ്ക്ക് കാരണമായത്.
Discussion about this post