ചെന്നൈ: കോയമ്പത്തൂർ റേഞ്ച് ഡി ഐ ജി വിജയകുമാർ ആത്മഹത്യ ചെയ്തു. 45 വയസുകാരനായ വിജയകുമാർ തേനി സ്വദേശിയാണ്. സ്വന്തം അംഗരക്ഷകന്റെ സർവീസ് റിവോൾവറിൽ നിന്നും വിജയകുമാർ സ്വയം നിറയൊഴിക്കുകയായിരുന്നു എന്നാണ് വിവരം.
പ്രഭാത സവാരിക്ക് ശേഷം രാവിലെ 6.45 ഓടെ മടങ്ങി വന്ന വിജയകുമാർ അംഗരക്ഷകനോട് തോക്ക് ആവശ്യപ്പെട്ടു. തുടർന്ന്, 6.50 ഓടെ വിജയകുമാർ സ്വയം നിറയൊഴിക്കുകയായിരുന്നു.
വിഷാദരോഗത്തിന് ദിർഘകാലമായി ചികിത്സയിലായിരുന്ന വിജയകുമാർ ഉറക്ക ഗുളികകൾ പതിവായി കഴിച്ചിരുന്നു. അദ്ദേഹം കൃത്യമായി മനശാസ്ത്ര പരിശോധനകൾക്ക് വിധേയനായിരുന്നതായും ബന്ധുക്കൾ പറയുന്നു.
വിജയകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷാദരോഗത്തിന് പുറമേ അമിത ജോലിഭാരമോ കുടുംബ പ്രശ്നങ്ങളോ ആത്മഹത്യക്ക് കാരണമായിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന വിജയകുമാർ നാഗപട്ടണം, കടലൂർ, തിരുവാരൂർ, കാഞ്ചീപുരം എന്നിവിടങ്ങളിൽ സൂപ്രണ്ട് ആയി പ്രവർത്തിച്ചിട്ടുണ്ട്. ചെന്നൈ അണ്ണാ നഗറിൽ ഡെപ്യൂട്ടി കമ്മീഷണർ ആയിട്ടായിരുന്നു തൊട്ട് മുൻപത്തെ നിയമനം.
Discussion about this post