ജയ്പൂർ: കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ലക്ഷ്യം സ്‌നേഹത്തിന്റെ കടയല്ല മറിച്ച് കൊള്ളടിയ്ക്കാനുള്ള കട തുറക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിക്കാനീറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിൽ കോൺഗ്രസിന്റെ പരാജയം ഉറപ്പാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയത് മുതൽ രാജസ്ഥാനിലെ കർഷകർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. നാല് വർഷക്കാലം ജനങ്ങൾ വളരെ ബുദ്ധിമുട്ടി. നാല് വർഷക്കാലവും കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലും സർക്കാരിനുള്ളിലും യുദ്ധമായിരുന്നു നടന്നത്. എല്ലാവരും പരസ്പരം കാലുവാരുകയായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജസ്ഥാനിൽ കോൺഗ്രസിന്റെ പരാജയം ഉറപ്പാണ്. സർക്കാർ ഇതിനകം പരാജയം സമ്മതിച്ചിട്ടുണ്ട്. ചില മന്ത്രിമാരും എംഎൽഎമാരും ഔദ്യോഗിക വസതി ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയി തുടങ്ങിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ ക്വാട്ടേഴ്‌സിൽ നിന്ന് ജയ്പൂരിലെ സ്വന്തം വസതിയിലേക്ക് താമസം മാറിയ ക്യാബിനറ്റ് മന്ത്രി ബി ഡി കല്ലയെ പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ജൽ ജീവൻ മിഷൻ പദ്ധതിയിൽ രാജസ്ഥാൻ ഒന്നാമത് ആകേണ്ടതായിരുന്നു. എന്നാൽ ഇന്ന് വളരെ പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് രാജസ്ഥാൻ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, ബലാത്സംഗ കേസുകളിൽ എന്നിവയിൽ രാജസ്ഥാൻ ആണ് ഒന്നാം സ്ഥാനത്ത്. ഇവിടെ സർക്കാർ ബലാത്സംഗ-കൊലപാതക പ്രതികളെ സംരക്ഷിക്കുന്ന തിരക്കിലാണെന്നും മോദി കുറ്റപ്പെടുത്തി.
ബിക്കാനീറിലെ അമൃത്സർ-ജാംനഗർ എക്സ്പ്രസ് വേയുടെ 500 കിലോമീറ്റർ ഭാഗം ഉൾപ്പെടെ 24,000 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾക്ക് കേന്ദ്രം തുടക്കം കുറിച്ചു. കേന്ദ്രസർക്കാർ അനേകം വികസന പദ്ധതികൾ രാജസ്ഥാനിലേക്ക് അനുവദിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ് സർക്കാർ വേണ്ടവിധത്തിൽ അത് നടപ്പിലാക്കാതെ തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.









