അഹമ്മദാബാദ് : പാക് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി രാജ്യത്തെ നിർണായക വിവരങ്ങൾ ചോർത്തിയ ബിഎസ്എഫ് ആസ്ഥാനത്തെ ജീവനക്കാരൻ പിടിയിൽ. പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത ഗുജറാത്തിലെ കച്ച് സ്വദേശി നിലേഷ് ബദിയയാണ് പിടിയിലായത്. ബിഎസ്എഫുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാൾ ചോർത്തിയത്. ഭുജിലുള്ള ബിഎസ്എഫ് ആസ്ഥാനത്ത് സിപിഡബ്ല്യുവിന്റെ വൈദ്യുതി വകുപ്പിൽ താത്കാലിക ഉദ്യോഗസ്ഥനായി ജോലി ചെയ്തുവരികയായിരുന്നു നിലേഷ്.
അദിതി തിവാരി എന്ന പേരിലാണ് പാകിസ്താൻ ചാരൻ നിലേഷിനോട് അടുത്തുകൂടിയത്. തുടർന്ന് വാട്സ്ആപ്പ് വഴി ഇയാൾ നിർണായക വിവരങ്ങൾ ചോർത്തി. ജനുവരിയിൽ ഇയാൾ പാകിസ്താൻ ഏജന്റുമായി ബന്ധം സ്ഥാപിക്കുകയും, പ്രണയബന്ധം വളർത്തിയെടുക്കുകയും ചെയ്തു.
ഒരു കോർപ്പറേറ്റ് ഓർഗനൈസേഷനുവേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്ന് അദിതി പറഞ്ഞു. ബിഎസ്എഫും അതിർത്തി മേഖലയും സംബന്ധിച്ച നിർണായക വിശദാംശങ്ങൾ കൈമാറാനും അവർ അഭ്യർത്ഥിച്ചു. ഇതോടെ വിവിധ ബിഎസ്എഫ് കെട്ടിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നതും പൂർത്തിയാക്കിയതുമായ വൈദ്യുതീകരണ പദ്ധതികളുമായി ബന്ധപ്പെട്ട രഹസ്യ രേഖകളും ചില സിവിൽ ഡിപ്പാർട്ട്‌മെന്റ് രേഖകളും ബാലിയ അവരുമായി പങ്കുവെച്ചു. ഇരുവരും ഓഫീസ് പ്രവർത്തന സമയത്ത് ഫോണിലൂടെ സംസാരിക്കുകയും ചെയ്തിരുന്നു.
പേടിഎം ഉൾപ്പെടെ യുപിഐ പ്ലാറ്റ്‌ഫോമുകൾ വഴി ബാലിയയ്ക്ക് ആകെ 28,800 രൂപ ലഭിച്ചതായി എടിഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ബാലിയയുമായി സമ്പർക്കം പുലർത്തിയിട്ടുള്ള മറ്റേതെങ്കിലും വ്യക്തികളെ കുറിച്ച് അന്വേഷിക്കാൻ യുവാവിന്റെ ഫോണും ബാങ്ക് അക്കൗണ്ടുകളും സൂക്ഷ്മമായി പരിശോധിക്കാനാണ് തീരുമാനം. നിലവിൽ, സംശയാസ്പദമായ എട്ട് ഇടപാടുകൾ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിലെ യുപിഐ ഐഡികളും മറ്റ് പ്രസക്തമായ വിവരങ്ങളും പരിശോധിച്ചുവരികയാണ്.








