കുന്നംകുളം : തൃശ്ശൂർ കുന്നംകുളത്ത് വെച്ച് വളർത്തു നായയോടൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വളർത്തുനായയോടൊപ്പം 18 ഗ്രാം എംഡിഎംഎ കൂടി കാറിൽ കൊണ്ടുപോയതായിരുന്നു അറസ്റ്റിനു കാരണം. കണ്ടശംകടവ് സ്വദേശി വിഷ്ണു, അന്തിക്കാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് പോലീസ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നുമായിരുന്നു ഇവർ ലഹരിമരുന്ന് കൊണ്ടുവന്നിരുന്നത്.
മുൻപ് ടൂറിസ്റ്റ് ബസ്സിലടക്കം പലവിധത്തിൽ ലഹരിക്കടത്ത് നടത്തിയിട്ടും പോലീസ് നിരന്തരമായി ഈ ലഹരിമരുന്നുകൾ പിടിച്ചെടുക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ വേറിട്ടൊരു വഴി പരീക്ഷിക്കാൻ ഈ യുവാക്കൾ തീരുമാനിച്ചത്. അതിനായി പോലീസിന് സംശയം തോന്നാതിരിക്കാൻ ആണ് വളർത്തുനായയെ ഒപ്പം കൂട്ടിയത്. അയൽ സംസ്ഥാനങ്ങളിലെ പോലീസിനെ ഈ നായയെ കാണിച്ച് പ്രതികൾ വിദഗ്ധമായി പറ്റിക്കുകയും ചെയ്തു
സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പൊലീസും പ്രതികളെ പിടികൂടിയ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അങ്കിത് അശോകന്‍റെ കർശന നിർദ്ദേശം ഉണ്ടായിരുന്നതുകൊണ്ട് എല്ലാ വാഹനങ്ങളും കൃത്യമായി പരിശോധിച്ചാണ് വിട്ടിരുന്നത്. പുലർച്ചയോടെയാണ് പ്രതികളുടെ കാർ പരിശോധന സംഘത്തിന് മുൻപിലേക്ക് എത്തുന്നത്. വിശദമായ പരിശോധനയിൽ വാഹനത്തിന് പുറകിൽ നിന്നും 18 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവർ കൂടിയായ പ്രതി വിഷ്ണുവിന്റേതാണ് വളർത്തുനായ. മറ്റൊരു പ്രതിയായ ശ്രീജിത്ത് വെല്‍ഡിങ് വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ്. ഇവരുടെ അറസ്റ്റിനെ തുടർന്ന് നായയെ കുന്നംകുളത്തുള്ള പരിശീലകർക്ക് കൈമാറിയിരിക്കുകയാണ്.








