ന്യൂഡൽഹി : മറുനാടൻ മലയാളി ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് ഇടക്കാല സംരക്ഷണം അനുവദിച്ചത്. ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് സുപ്രീം കോടതി നിർണായക വിധി. ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഷാജൻ സ്‌കറിയ നടത്തിയ പരാമർശങ്ങൾ അപകീർത്തികരം ആകാം. എന്നാൽ എസ് സി/ എസ് ടി നിയമ പ്രകാരം കേസ് എടുക്കാനുള്ള പരാമർശം അല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഷാജൻ സ്‌കറിയ നടത്തിയ വിവാദ പരാമർത്തിന്റെ തർജ്ജിമ താൻ വായിച്ചെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു. അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി.
ഷാജൻ സ്‌കറിയയോട് വാക്കുകൾ നിയന്ത്രിക്കാൻ ഉപദേശിക്കണമെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജൻ സ്കറിയ സുപ്രീം കോടതിയെ സമീപിച്ചത്. ഷാജൻ സ്‌കറിയ സമർപ്പിച്ച സ്പെഷ്യൽ ലീവ് പെറ്റീഷനിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.








