ചണ്ഡീഗഡ് : കുട്ടികളില്ലാത്തതിന്റെ പേരിൽ സ്ഥിരം നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്ന മൂന്ന് പേരെ യുവാവ് തലയ്ക്കടിച്ച് കൊന്നു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. അയൽവാസിയായ യുവതിയെയും അവരുടെ ഭർത്താവിനെയും ഭർതൃമാതാവിനെയുമാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ റോബിൻ എന്ന മുന്നയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മുന്നയുടെ അയൽവാസി സുരീന്ദർ കൗർ(70), ഇവരുടെ ഭർത്താവ് ചമാൻ ലാൽ(75), 90 കാരിയായ ലാലിന്റെ അമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ ഇവർ മുന്നയെ നിരന്തരം ഉപദേശിക്കുമായിരുന്നു. ഡോക്ടറെ കാണാനും ചികിത്സ നടത്താനും നിർദ്ദേശം നൽകുക പതിവായിരുന്നു. ഭാര്യയുടെ മുന്നിൽ വെച്ചും ഇത്തരത്തിൽ നിർദ്ദേശങ്ങൾ നൽകിയതോടെയാണ് മുന്ന കുപിതനായത്. തുടർന്ന് മൂന്ന് പേരെയും ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇത് അപകട മരണമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. തെളിവുകൾ കത്തിനശിക്കുമെന്ന് ഇയാൾ കരുതിയെങ്കിലും പോലീസ് പ്രതിയെ അതിവിദഗ്ധമായി പിടികൂടുകയായിരുന്നു. മൂന്ന് പേരുടെയും മൊബൈൽ ഫോണും ക്യാമറയും ഇയാൾ ബാഗിലാക്കി എടുത്തിരുന്നു. ഇതോടൊപ്പം കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു.
പോലീസ് മുന്നയെ പിടികൂടിയതോടെ തന്റെ ഭാര്യയെ കൂടി അറസ്റ്റ് ചെയ്യണമെന്ന് മുന്ന ആവശ്യപ്പെട്ടു. താൻ ഇല്ലെങ്കിൽ ഭാര്യയെ ആരും നോക്കില്ല എന്നാണ് മുന്ന പറഞ്ഞത്.
Discussion about this post