ഗുവാഹത്തി : അസമിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. മഴയെ തുടർന്നുണ്ടായ പ്രളയം 35,000 ത്തിലധികം പേരെ നേരിട്ട് ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ദേമജി, ലഖിംപുർ, ജോർഹട്ട്, ശിവസാഗർ എന്നീ ജില്ലകളിലാണ് ദുരന്തബാധിതരിലധികവും. ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പുയർന്നതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ബ്രഹ്മപുത്ര നദിയും ഡിസംഗ് നദിയും കരകവിഞ്ഞൊഴുകി. ജോർഹട്ട് ജില്ലയെയും ശിവസാഗർ ജില്ലയെയുമാണ് ഇത് കൂടുതലായി ബാധിച്ചത്. ജില്ലകളിലെ 111 പഞ്ചായത്തുകൾ വെള്ളത്തിനടിയിലായതായാണ് റിപ്പോർട്ടുകൾ. ദേമജി, ലഖിംഗ്പുർ ജില്ലകളിലും പതിനായിരക്കണക്കിന് പേരെ ദുരന്തം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പല റോഡുകളിലും പ്രളയത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.









