പാലക്കാട്: എസ്എഫ്‌ഐ മുൻ നേതാവ് കെ.വിദ്യ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ തയ്യാറാക്കിയ അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെടുത്തു. പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ് അന്വേഷണസംഘം ഇത് കണ്ടെടുത്തത്. അഭിമുഖം നടത്തിയ അദ്ധ്യാപിക ഫോൺ വഴി സംശയം ഉന്നയിച്ചതിനെ തുടർന്ന് മടക്കയാത്രയിൽ അട്ടപ്പാടി ചുരത്തിൽ വച്ച് സർട്ടിഫിക്കറ്റ് കീറിയെറിഞ്ഞുവെന്നായിരുന്നു വിദ്യ പോലീസിന് മൊഴി നൽകിയത്.
ഫോണിലാണ് ഈ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും വിദ്യ അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലാരിവട്ടത്തെ കഫേയിൽ നിന്ന് പ്രിന്റ് കണ്ടെത്തുന്നത്. കഫേ നടത്തിപ്പുകാരന്റൈ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ കഫേയിൽ നിന്നാണ് വിദ്യ ഗവേഷണ സാമഗ്രികളുടെ കോപ്പി, ബൈൻഡിങ് എന്നിവ ചെയ്തിരുന്നത്. രണ്ട് വ്യാജ സർട്ടിഫിക്കറ്റുകളാണ് വിദ്യ അട്ടപ്പാടി കോളേജിൽ ഹാജരാക്കിയതെന്നും പോലീസ് പറയുന്നു.












