ന്യൂഡൽഹി: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഈ അവസ്ഥയ്ക്ക് കാരണം കേന്ദ്രമാണെന്നും ബാലഗോപാൽ ആരോപിച്ചു. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങോട് സംസാരിക്കുകയായിരുന്നു ബാലഗോപാൽ.
നടപ്പ് സാമ്പത്തിക വർഷത്തിൽ കേരളത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാകുക. കേന്ദ്രം വലിയ വിവേചനം ആണ് സംസ്ഥാനത്തോട് കാണിക്കുന്നത്. ചില ഫണ്ടുകൾ ഇനിയും ലഭിക്കാനുണ്ട്. ഈ വിവേചനം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടു. യുജിസിയിൽ നിന്ന് 750 കോടി കിട്ടാനുണ്ട്. ഇത് എത്രയും വേഗം അനുവദിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പെൻഷൻ, ഹെൽത്ത് ഗ്രാന്റ് എന്നിവയ്ക്കുള്ള ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കേരളത്തിന് 3.9 ശതമാനമായിരുന്നു കേന്ദ്രത്തിൽ നിന്ന് നികുതി വിഹിതം ലഭിച്ചത്. ഇതിപ്പോൾ 1.92 ശതമാനമായി കുറച്ചിരിക്കുകയാണ്. ഇത് കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ ബാധിച്ചു. ജിഎസ്ടി നടപ്പിലാക്കുമ്പോൾ നൽകാവുന്ന നഷ്ടപരിഹാരം കേന്ദ്രം നിർത്തിയതും കേരളത്തിന് തിരിച്ചടിയായി. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും പ്രഹരമായെന്നും ബാലഗോപാൽ പറഞ്ഞു.
കിഫ്ബിയും പെൻഷൻ പദ്ധതിയും എടുത്ത ലോണിന്റെ പേരിലുമാണ് കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറക്കുന്നത്. ഇതിലൂടെ 30000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായി. നികുതി വരുമാനത്തിൽ വൻ കുറവാണ് ഉണ്ടായത് എന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.








