തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിക്ക് നായയുടെ കടിയേൽക്കുന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിൽക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴുത്തിലും കയ്യിലും ചുണ്ടിലും കുട്ടിക്ക് കടിയേറ്റിരുന്നു. കുട്ടിയെ ആക്രമിച്ച ശേഷം പ്രദേശത്ത് കൂടി അലഞ്ഞു തിരിഞ്ഞു നടന്ന നായ അധികം വൈകാതെ ചത്ത് പോയിരുന്നു. യാതൊരു പരിശോധനയും നടത്താതെയാണ് ആദ്യം നായയുടെ മൃതദേഹം കുഴിച്ചിട്ടത്. എന്നാൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ നായയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ നായയിൽ നിന്ന് രക്ഷിച്ചവർക്കും കുട്ടിയുമായി സമ്പർക്കത്തിൽ വന്നവർക്കുമെല്ലാം വാക്സീനേഷൻ നൽകിയതായി അധികൃതർ വ്യക്തമാക്കി.
Discussion about this post