ന്യൂഡൽഹി: വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ഗുസ്തി താരം വിനേഷ് ഫോഗട്ടിനോട് ദേശീയ ആന്റി ഡോപിംഗ് ഏജൻസി വിശദീകരണം തേടിയതായി റിപ്പോർട്ട്. നിലവിൽ ബുഡാപെസ്റ്റ് റാങ്കിംഗ് സീരീസിൽ പങ്കെടുക്കുന്ന ഫോഗട്ടിനോട് നാഡ വിശദീകരണം തേടിയതായി ‘ദ് ട്രിബ്യൂൺ‘ പത്രമാണ് റിപ്പോർട്ട് ചെയ്തത്.
ഫോഗട്ടിനെ നേരിട്ട് കാണുന്നതിനായി നാഡയിലെ ഒരു ഉദ്യോഗസ്ഥൻ ജൂൺ 27ന് സോനിപതിലെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ അവരെ അവിടെയെങ്ങും കണ്ടില്ല. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും പ്രതികരണമുണ്ടായില്ല. വിനേഷിന്റെ ഭർത്താവ് സോംവീർ റാത്തിയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അയാളുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായില്ല. ഏകദേശം 40 മിനിറ്റോളം വിനേഷിന്റെ വീട്ടുപരിസരത്ത് ചിലവഴിച്ച ശേഷം ഉദ്യോഗസ്ഥൻ മടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.
ഇതിനെ തുടർന്നാണ് വിനേഷ് ഫോഗട്ടിനോട് നടപടിക്രമങ്ങൾ പാലിച്ച് വ്യക്തിഗത വിവരങ്ങൾ പുതുക്കാൻ ആവശ്യപ്പെട്ട് നാഡ നോട്ടീസ് നൽകിയത്. രജിസ്റ്റേർഡ് ടെസ്റ്റിംഗ് പൂളിന്റെ ഭാഗമായ എല്ലാ കായിക താരങ്ങളും മൂന്ന് മാസം കൂടുമ്പോൾ വ്യക്തിഗത വിവരങ്ങൾ പുതുക്കണം എന്നാണ് ചട്ടം. 2022 ഡിസംബർ മുതൽ പൂൾ അംഗമായ വിനേഷിനോട്, എത്രയും വേഗം ചട്ടങ്ങൾ പാലിക്കാൻ നാഡ പ്രോജക്ട് ഓഫീസർ അങ്കുഷ് ഗുപ്ത നിർദേശം നൽകിയതായാണ് വിവരം.








