മുംബൈ: ആരാധകർ ഏറെ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രം ജവാന്റെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഇന്ത്യയിലങ്ങോളമിങ്ങോളം ആരാധക പിന്തുണയുള്ള താരമാണ് ഷാറൂഖ് ഖാൻ. ഈ വർഷം റിലീസിന് ഒരുങ്ങുന്ന രണ്ടാമത്തെ ഷാറൂഖ് ചിത്രമാണ് ജവാൻ. ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയാണ് നായിക. നയൻസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്.
ആരാധകരുമായി സംവദിക്കാൻ സമൂഹമാദ്ധ്യമങ്ങളിലൂടെ ഷാറൂഖ് ആസ്‌ക് എസ്ആർകെ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയായിരുന്നു അണിയറ പ്രവർത്തകർ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. പോസ്റ്റർ പുറത്തുവന്നതോടെ ഇഷ്ടതാരത്തിന് ആശംസകൾ നേരുന്ന തിരക്കിലായിരുന്നു ഷാറൂഖ് ആരാധകർ. പോസ്റ്ററിൽ ഷാറൂഖിന്റെ ലുക്ക്് സൂപ്പർ ആണെന്ന് അഭിപ്രായപ്പെട്ടവരും നിരവധി. ആളാകെ മാറിപ്പോയല്ലോ എന്നായിരുന്നു ചിലരുടെ കമന്റ.് കൈയ്യിൽ തോക്കുമായി നിൽക്കുന്ന തല മൊട്ടയടിച്ച ഷാറൂഖാനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക.
ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം റെഡ് ചില്ലീസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമ്മയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി സെപ്തംബർ ഏഴിനായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക. നയൻതാര, വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയാമണി, സാന്യ മൽഹോത്ര എന്നിവർക്കൊപ്പം ഷാറൂഖ് ഖാൻ ഇരട്ടവേഷത്തിലായിരിക്കും എത്തുകയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.








