തിരുവനന്തപുരം: ഇന്ത്യയുടെ ചന്ദ്രയാൻ -3 വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. ഇന്ത്യയുടെ ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിനാകും അത് വഴിയൊരുക്കുകയെന്നും ആ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാക്കി ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ബഹിരാകാശ ശാസ്ത്ര വികസനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണ് ചാന്ദ്രയാൻ ദൗത്യം. 600 ബില്യൺ ഡോളർ വരുന്ന ബഹിരാകാശ ഗവേഷണ വ്യവസായത്തിൽ നിലവിൽ ഇന്ത്യയുടെ പങ്കാളിത്തം രണ്ട് ശതമാനം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വർദ്ധിപ്പിക്കാനും ദൗത്യം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക വികസനത്തിൽ ഇന്ത്യ ഇപ്പോൾ സ്വകാര്യ പങ്കാളിത്തം ക്ഷണിക്കുന്നതിനാൽ, കൂടുതൽ സ്റ്റാർട്ടപ്പുകൾക്ക് ഈ മേഖലയിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. പല വിദേശ രാജ്യങ്ങളും അവരുടെ സ്റ്റാർട്ടപ്പുകളുമായി ഇവിടെ ഇറങ്ങുകയോ നിലവിലുള്ള സ്റ്റാർട്ടപ്പിലേക്ക് ചേർക്കുകയോ ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയകരമായ ചന്ദ്രയാൻ-3 ദൗത്യം ബഹിരാകാശ മേഖലയ്ക്കും സാങ്കേതികവിദ്യയ്ക്കും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ഉത്തേജനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്ദ്രയാൻ-2 ചന്ദ്രനിൽ ഇറങ്ങാൻ സാധിച്ചെങ്കിലും ചില സോഫ്റ്റ്‌വെയറും മെക്കാനിക്കൽ പ്രശ്‌നങ്ങളും കാരണം സോഫ്റ്റ് ലാൻഡിംഗ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അതിന്റെ എല്ലാ വശങ്ങളും കഴിഞ്ഞ നാല് വർഷമായി കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇത്തവണ ഒരു സോഫ്റ്റ് ലാൻഡിംഗ് നടത്താൻ സാധിക്കുമെന്ന പ്രതീക്ഷിയിലാണ് ഐ എസ് ആർ ഒ.
ഒരു രാജ്യത്തിന്റെ നിലനിൽപ്പിന് തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ അനിവാര്യമാണെന്നും ഐഎസ്ആർഒ തങ്ങളുടെ ബഹിരാകാശ ദൗത്യങ്ങൾക്കായി ഏറ്റവും കുറഞ്ഞ തുകയാണ് വിനിയോഗിക്കുന്നതെന്നും നമ്പി നാരായണൻ പറഞ്ഞു.
ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയമറിയാൻ ഓഗസ്റ്റ് 23 അല്ലെങ്കിൽ 24 വരെ കാത്തിരിക്കേണ്ടിവരും.
അത്തരം വലിയ ബഹിരാകാശ ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിന് ചൈനയ്‌ക്കൊപ്പമോ അല്ലാതെയോ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ഇഎസ്‌എ) മാതൃകയിൽ ഏഷ്യൻ ബഹിരാകാശ ഏജൻസി (എഎസ്‌എ) പോലുള്ള ഒന്ന് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.








