തൃശ്ശൂർ: ചേലക്കരയിൽ റബ്ബർ തോട്ടത്തിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നു ജഡം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
റബ്ബർ കർഷകനായ റോയിയുടെ തോട്ടത്തിൽ നിന്നായിരുന്നു ജഡം കണ്ടെത്തിയത്. ഇവിടെ ആനയെ കുഴിച്ചിട്ടതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു പോലീസ്. തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പോലീസ് ജഡം പുറത്തെടുക്കുകയായിരുന്നു.
ജഡത്തിന് 20 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. ജഡം അഴുകിയിട്ടുണ്ട്. ആനയുടെ കൊമ്പുകളിൽ ഒന്ന് കാണാനില്ല. ഇത് മുറിച്ച് മാറ്റിയ നിലയിൽ ആയിരുന്നു. ഇതാണ് സംഭവത്തിൽ ദുരൂഹത ഉയർത്തുന്നത്.
തോട്ടം ഉടമ റോയ് നിലവിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്തിയെങ്കിൽ മാത്രമേ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാവൂകയുള്ളൂ. ആനക്കൊമ്പിന് വേണ്ടി ആനയെ കൊന്നതാണോ, അതോ ചരിഞ്ഞ ആനയുടെ കൊമ്പ് മുറിച്ച് മാറ്റിയതാണോ എന്ന് പരിശോധിച്ച് വരികയാണ്.
അതേസമയം മലയാറ്റൂരിൽ നിന്നും ആനക്കൊമ്പുമായി ഒരു സംഘം പോലീസിന്റെ പിടിയിൽ ആയിട്ടുണ്ട്. ജഡം കണ്ടെത്തിയ ആനയുടേതാണ് ഈ കൊമ്പ് എന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ പോലീസ് വിശദമായ പരിശോധന നടത്തുകയാണ്. ആനയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായിട്ടുണ്ട്.
Discussion about this post