ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ന് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞർക്ക് നന്ദിയറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ബഹിരാകാശ പര്യവേഷണത്തിലെ സുപ്രധാന ഏടാണ് ചാന്ദ്രയാൻ 3 ന്റെ വിക്ഷേപണമെന്ന് രാഷ്ട്രപതി അറിയിച്ചു. വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ച ഐ എസ് ആർ ഒ യിലെ എല്ലാ ശാസ്ത്രജ്ഞർക്കും മറ്റ് പ്രവർത്തകർക്കും നന്ദിയറിയിച്ചു. ഇതിൽ ഇന്ത്യ വിജയിച്ചതായും രാഷ്ട്രപതി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.
രാഷ്ട്രപതിയെ കൂടാതെ പ്രധാനമന്ത്രിയും ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിച്ചിരുന്നു. ചാന്ദ്രയാൻ ദൗത്യത്തിനൊപ്പം ഉയർന്നത് ഓരോ ഇന്ത്യക്കാരന്റെയും സ്വപ്‌നങ്ങളും അഭിലാഷങ്ങളുമാണ് എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലായിരുന്നു ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം. ഓഗസ്റ്റ് 23 നോ 24 നോ ആയിരിക്കും ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തുക.
Discussion about this post