ബെംഗളൂരു: പി.പരമേശ്വരന്, ഫാദര്‍ അലവി വധശ്രമക്കേസുകളില്‍ അബ്ദുള്‍ നാസര്‍ മഅദനിയെ കേരളാ പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ ഈ വധശ്രമക്കേസുകളില്‍ തനിക്ക് പങ്കില്ലെന്ന് മദനി പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്, ഫാദര്‍ അലവി എന്നിവരെ കൊലപ്പെടുത്താന്‍ പണം നല്കി ആളെ ചുമതലപ്പെടുത്തി എന്നാണ് മദനിക്കെതിരെയുള്ള കേസ്.
ബംഗളൂരുവിലെ ആശുപത്രിയിലെത്തിയാണ് പോലീസ് സംഘം മദനിയെ ചോദ്യം ചെയ്തത്. തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ്. കേസിലെ രണ്ടാം പ്രതിയെന്നു പറയുന്ന മാറാട് അഷ്റഫിനെ തനിക്ക് നേരത്തെ പരിചയമില്ല. ആദ്യമായി അഷ്റഫിനെക്കാണുന്നത് കോയമ്പത്തൂരില്‍ ജയിലില്വെച്ചാണെന്നും മദനി പോലീസ് സംഘത്തോട് പറഞ്ഞു.
കേസില്‍ ഒന്നാമതായി പ്രതി ചേര്‍ക്കപ്പെട്ട മദനിയെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിരുന്നില്ല. എന്നാല്‍ മദനിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിട്ടത്. ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ മദനിയെ ചോദ്യം ചെയ്യുന്നത്.
പരമേശ്വരനെയും ഫാദര്‍ അലവിയെയും വധിക്കുന്നതിന് മദനി തന്നെ ഏല്‍പ്പിച്ചിരുന്നുവെന്നായിരുന്നു കേസില്‍ അറസ്റ്റിലായ മാറാട് അഷ്റഫിന്റെ മൊഴി. അവരെ വധിക്കുന്നതിനായി തോക്കും മറ്റ് ആയുധങ്ങളും വാങ്ങുന്നതിനായി മദനി പണം നല്‍കിയിരുന്നു. പി.പരമേശ്വരനെ വധിക്കുന്നതിനായി താന്‍ കന്യാകുമാരി വരെ പോയിരുന്നതായും അഷ്റഫ് മൊഴി നല്‍കിയിരുന്നു.
Discussion about this post