മലപ്പുറം: കുറുവയിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനായുള്ള അരി മറിച്ചുവിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അദ്ധ്യാപകൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കുറുവ എയുപി സ്‌കൂളിലായിരുന്നു സംഭവം. പ്രഥമ അദ്ധ്യാപകനും വേങ്ങശ്ശേരി സ്വദേശിയുമായ മഹബൂബ്, ഭക്ഷണത്തിന്റെ ചുമതലയുള്ള അഷറഫ് മുല്ലപ്പള്ളി, വാഹന ഡ്രൈവർ കാച്ചിനിക്കാട് സ്വദേശി കരുവള്ളി സക്കീർ എന്നിവരാണ് അറസ്റ്റിലായത്.
.വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സ്‌കൂളിൽ നിന്നും ഗുഡ്‌സ് ഓട്ടോയിൽ ആയിരുന്നു ഇവർ അരി കടത്താൻ ശ്രമിച്ചത്. പത്തിലേറെ ചാക്ക് അരിയായിരുന്നു ഇവർ വാഹനത്തിലാക്കി കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ ഇത് നാട്ടുകാർ തടയുകയായിരുന്നു.
മക്കരപറമ്പിലെ മൊത്തവിൽപ്പന കേന്ദ്രത്തിൽ എത്തിച്ച് അരി വിൽക്കാൻ ആയിരുന്നു ഇവരുടെ ശ്രമം. എന്നാൽ അരി കടത്തുന്നത് കണ്ട് നാട്ടുകാർ വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഉടനെ പോലീസിനെ വിളിച്ച് നാട്ടുകാർ വിവരം പറഞ്ഞു. ഇതോടെ പോലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post