തിരുവനന്തപുരം: ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകള്ക്കുമേല് ഇന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണും വാക്പോര് നടത്തി.
ബിജുരാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയവര്‍ ആരാണെന്ന് അറിയാമെന്നും അത് പക്ഷേ പ്രതിപക്ഷമല്ലെന്നും ഇന്നലെ ഷിബു ബേബി ജോണ്‍ സഭയില്‍ പറഞ്ഞിരുന്നു. ഇന്ന് ഷിബുവിന്റെ പ്രസ്താവനയില്‍ സബ്മിഷന് ഉന്നയിച്ച് സംസാരിച്ച വി.എസ്.അച്യുതാനന്ദന് സഭയോട് ഇത്തിരിയെങ്കിലും ആദരവുണ്ടെങ്കില്‍ ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് ഷിബു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
കിളിരൂര്‍ കേസിലെ വിഐപി ആരാണെന്ന് പറയാന്‍ വി.എസ് തയ്യാറായാല്‍, സോളാര്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് താനും വെളിപ്പെടുത്താം എന്ന് സബ്മിഷന് മറുപടിയായി ഷിബു ബേബ്ി ജോണ്‍ പറഞ്ഞു. ഷിബുവിന്റെ മറുപടിയില്‍ പ്രകോപിതരായ പ്രതിപക്ഷം മന്ത്രിക്ക് നേരെ തിരിയുകയും ഇതോടെ സഭ ബഹളത്തിലാവുകയും ചെയ്തു.
മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് മുന്‍മന്ത്രി കെ.എം.മാണി രാവിലെ പ്രസ്താവന നടത്തിയത് സഭയില്‍ ബഹളത്തിനിടയാക്കിയിരുന്നു. രാജിവച്ച മുന്‍മന്ത്രിക്ക് നിയമസഭ ചേരുമ്പോള്‍ പ്രസ്താവന നടത്താന്‍ അവകാശമില്ലെന്ന് സിപിഐ കക്ഷിനേതാവ് സി.ദിവാകരന് ചൂണ്ടിക്കാട്ടി. എന്നാല്‍, നിയമസഭാ ചട്ടം 64 പ്രകാരം സ്പീക്കറുടെ അനുമതിയോടെ പ്രസ്താവന നടത്താമെന്ന് സ്പീക്കര്‍ എന്‍.ശക്തന് റൂളിംഗ് നല്കി.
Discussion about this post