ശ്രീനഗർ: ആരോഗ്യ പരിചരണ രംഗത്ത് സുപ്രധാന കണ്ടുപിടുത്തവുമായി കശ്മീരി യുവാവ്. അടിയന്തിര ഘട്ടങ്ങളിൽ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് സുരക്ഷിതമായി രക്തമെത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാമെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് അബാൻ ഹബീബ് എന്ന യുവാവ്. രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ് എന്ന് ഹബീബ് പറയുന്നു.
വർഷങ്ങളുടെ ശ്രമഫലമാണ് ഈ കണ്ടുപിടുത്തം. പ്രകൃതി ദുരന്തങ്ങൾ മൂലം ഒറ്റപ്പെട്ടു പോകുന്ന പ്രദേശങ്ങളിൽ ആയിരങ്ങളുടെ ജീവൻ രക്ഷിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. 2014ൽ കശ്മീരിൽ മഹാപ്രളയം ഉണ്ടായപ്പോൾ ഒറ്റപ്പെട്ടയിടങ്ങളിലെ ആശുപത്രികളിൽ രക്തം എത്തിക്കാനുള്ള പ്രയാസം നേരിട്ട് കണ്ടിരുന്നു. അന്ന് മനസിൽ ഉണ്ടായ ചില ചിന്തകളാണ് ഈ കണ്ടുപിടുത്തത്തിലേക്ക് തന്നെ നയിച്ചതെന്ന് ഹബീബ് വാർത്താ ഏജൻസിയോട് പറഞ്ഞു.
രക്തമെത്തിക്കാൻ ഡ്രോൺ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താമെന്ന് ശരിയായ രീതിയിൽ പരീക്ഷിച്ച് വിജയിച്ചു. ഹിമാചൽ പ്രദേശിലായിരുന്നു ആദ്യഘട്ട പരീക്ഷണങ്ങൾ. അവിടെ പ്രധാന ആശുപത്രിയെ 25 പ്രാദേശിക ആശുപത്രികളുമായി ഉപഗ്രഹ സാങ്കേതിക വിദ്യ മുഖേന ബന്ധിപ്പിച്ചു. 70ൽ അധികം കിലോമീറ്ററുകൾ താണ്ടി രക്തമെത്തിക്കാൻ പരീക്ഷണ കാലയളവിൽ സാധിച്ചുവെന്നും ഹബീബ് അവകാശപ്പെടുന്നു.
ഷിമ്ലയിൽ നിന്നും ചണ്ഡീഗഢിലേക്ക് രക്തമെത്തിക്കാൻ ഡ്രോൺ ഉപയോഗിച്ചതും വിജയമായിരുന്നു. രക്തം മാത്രമല്ല, അവശ്യ മെഡിക്കൽ ഉപകരണങ്ങളും അടിയന്തര ഘട്ടങ്ങളിൽ കൈമാറ്റം ചെയ്യാൻ ഡ്രോൺ ഉപയോഗിക്കാവുന്നതാണ്. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ ഇവയ്ക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കും.
രക്തമെത്തിക്കാൻ ഡ്രോൺ എന്ന ആശയത്തെ വ്യാവസായികമായി പ്രയോജനപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് അബാൻ ഹബീബ്. ഇതുവഴി നിരവധി ചെറുപ്പക്കാർക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നും അബാൻ കണക്ക് കൂട്ടുന്നു.
Discussion about this post