മിയാമി : അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബായ ഇന്‍റർ മിയാമി തങ്ങളുടെ പുതിയ താരം ലയണൽ മെസിയെ ഇന്ന് ആരാധകർക്കായി അവതരിപ്പിക്കുന്ന ചടങ്ങ് നടത്തും . ഫ്രഞ്ച് ക്ലബ്ബായ പിഎസ്‍ജിയിലെ രണ്ട് വർഷ കരാർ പൂർത്തിയാക്കിയ ശേഷമാണ് ലയണല്‍ മെസി ഇന്‍റർ മിയാമിയിലേക്ക് എത്തുന്നത്. ഇംഗ്ലണ്ടിന്റെ സൂപ്പർ താരം ഡേവിഡ് ബെക്കാമിന്‍റെ സഹ ഉടമസ്ഥതയിലുള്ളതാണ് അമേരിക്കൻ ക്ലബ്ബായ ഇന്‍റർ മിയാമി.
ആദ്യം ‘ദി അൺ വെയിൽ’ എന്നാണ് ഈ ആഘോഷചടങ്ങിന് പേര് നൽകിയിരുന്നതെങ്കിലും പിന്നീട് പേര് ‘ലാ പ്രെസന്റ സിയൺ’ എന്നാക്കി മാറ്റിയിരുന്നു. ഫോർട്ട് ലോഡർഡെയ്‌ലിലെ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ 18,000 കാണികളുടെ സാന്നിധ്യത്തിലാണ് മെസ്സിയുടെ അവതരണ ചടങ്ങ് നടക്കുന്നത്.
അമേരിക്കയിൽ ചടങ്ങുകൾ നടക്കുന്നത് ഇന്ന് രാത്രി 8 മണിക്കാണ്. ഇന്ത്യന്‍ സമയമനുസരിച്ച് നാളെ പുലർച്ചെ അഞ്ചരയ്ക്കാണ് പരിപാടികൾ തുടങ്ങുക. മെസിയുടെ ഇന്‍റർ മിയാമി അവതരണ ചടങ്ങിന്റെ ടെലിവിഷന്‍ സംപ്രേഷണം ഇന്ത്യയിലുണ്ടാവില്ല. എന്നാൽ ആരാധകർക്ക് നിരാശപ്പെടേണ്ടി വരില്ല. മേജർ ലീഗ് സോക്കറിന്‍റെയും ഇന്‍റർ മിയാമിയുടേയും സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെയും യൂട്യൂബിലൂടെയും പരിപാടി തല്‍സമയം ആരാധകരിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്‍റർ മിയാമിയിൽ 492 കോടി രൂപയാണ് മെസിയുടെ വാർഷിക പ്രതിഫലം. 2025 സീസണിന്‍റെ അവസാനം വരെ ഇന്‍റർ മിയാമിയുമായി മെസിക്ക് കരാറുണ്ടാകും. ജൂലൈ 21 ന് ക്രൂസ് അസുലിനെതിരെയാണ് ഇന്‍റർ മിയാമിയിലെ മെസിയുടെ അരങ്ങേറ്റ മത്സരം. അർജന്റീനയുടെ മുൻ താരവും പരിശീലകനുമായ ജെറാർഡോ മാർട്ടിനോ ആണ് ഇന്‍റർ മിയാമിയുടെ മുഖ്യ പരിശീലകൻ.
മെസി തരംഗത്തിലാണ് ഇപ്പോൾ അമേരിക്ക. മെസിക്കൊപ്പം ബാഴ്സലോണ വിട്ടെത്തുന്ന സെർജിയോ ബുസ്കറ്റ്സിയേയും ഇന്‍റർ മിയാമി ഇന്ന് ആരാധകർക്ക് പരിചയപ്പെടുത്തും . ഈ ആഘോഷ ചടങ്ങിനോടനുബന്ധിച്ച് ഇന്‍റർ മിയാമിയുടെ ഹോം ഗ്രൗണ്ടായ ഡി ആർ വി പിങ്ക് സ്റ്റേഡിയത്തിൽ ഷക്കീറ, ബാഡ് ബണ്ണി തുടങ്ങിയവരുടെ സംഗീതവിരുന്നുമുണ്ടാവും.
Discussion about this post