മുംബൈ: വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി പണം തട്ടിയ കേസിൽ രണ്ടു യുവതികളടക്കം നാലുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കോകാപൂർ സ്വദേശിയായ 64 കാരനെയാണ് നാലംഗ സംഘം ഹണിട്രാപ്പിൽ കുരുക്കി പണം തട്ടിയെടുത്തത്. സംഭവത്തിൽ മോണിക്ക ഭഗവാൻ എന്ന ദേവ് ചൗധരി,ലുബ്‌ന വസീർ എന്ന സ്വപ്‌ന, അനിൽ ചൗധരി എന്ന ആകാശ്, മനീഷ് സോദി എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രതികളായ അനിൽ ചൗധരിയും സ്വപ്‌നയും 64 കാരനായ വ്യവസായിയുമായി സൗഹൃദം സ്ഥാപിച്ച് അദ്ദേഹത്തിന്റെ സാമ്പത്തിക നില വ്യക്തമായി തന്നെ പഠിച്ചു. തുടർന്ന് ഹണിട്രാപ്പിൽ കുരുക്കുകയായിരുന്നു.
വ്യവസായി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടെ സ്വപ്‌നയും മോണിക്കയും അവിടേക്കെത്തി. ഇയാളുമായി മന:പൂർവ്വം വഴക്കുണ്ടാക്കി. തുടർന്ന് കോഴിയുടെ ചോര ശരീരത്ത് പുരട്ടി പരിക്ക് പറ്റിയെന്ന് ആരോപിച്ചു. താനും സ്വപ്‌നയും ലൈംഗിതാതിക്രമത്തിന് കേസ് കൊടുക്കുമെന്ന് മോണിക്ക ഭീഷണിപ്പെടുത്തി. ഇതിന്റെ വീഡിയോയും ഇവർ പകർത്തിയിരുന്നു. തുടർന്ന് 3.25 കോടി രൂപ തട്ടിയെടുത്തു. പകർത്തിയ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി,രണ്ടുകോടി രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെ ഇയാൾ പോലീസിനെ സമീപിക്കുകയായിരുന്നു.








