വിമാനത്താവളങ്ങൾ വഴി പലതരം കള്ളക്കടത്തുകൾ നടത്തുന്നത് ദിവസവും വാർത്തയാകാറുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് ഇതിൽ നിന്നെല്ലാം വ്യത്യസ്തവും കൗതുകകരവുമായ ഒരു വാർത്തയാണ്. ശരീരത്തിൽ അടിവസ്ത്രത്തിനുള്ളിലായി 5 പാമ്പുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതിയാണ് ഇവിടെ വിമാനത്താവളത്തിൽ പിടിയിലായിരിക്കുന്നത്. തെക്കൻ ചൈനയിൽ നിന്നുമാണ് ഈ രസകരമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
തെക്കൻ ചൈനയിലെ ഗുനാംഗ്ഡോങ് പ്രവിശ്യയിലെ ഫുത്യാൻ എയർപോർട്ടിലാണ് ഈ കൗതുകകരമായ സംഭവം അരങ്ങേറിയിരിക്കുന്നത്. പിടിയിലായ യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിമാനത്താവള അധികൃതർ പുറത്തുവിട്ടിട്ടില്ല. യുവതിയുടെ ശരീരം ശ്രദ്ധിച്ചപ്പോൾ എന്തോ അസ്വാഭാവികത തോന്നിയതിനെ തുടർന്നാണ് ഈ യുവതിയെ കൂടുതൽ പരിശോധന നടത്തിയത്. തുടർന്ന് യുവതിയുടെ ബ്രായ്ക്കുള്ളിൽ നിന്നും അഞ്ചു പാമ്പുകളെ കണ്ടെടുക്കുകയായിരുന്നു.
വിഷമില്ലാത്ത കോൺ സ്നേക്ക് ഇനത്തിൽപ്പെട്ടവയാണ് പിടിച്ചെടുക്കപ്പെട്ട പാമ്പുകൾ. സാധാരണയായി അമേരിക്കയുടെ തെക്കുകിഴക്ക് ഭാഗങ്ങളിലും മധ്യഭാഗങ്ങളിലും ആണ് ഈ പാമ്പുകളെ കൂടുതലായി കാണപ്പെടുന്നത്. ചോളം ഭക്ഷിക്കാൻ എത്തുന്ന എലികളെ പിടികൂടുന്നതിനായി ചോളപ്പാടങ്ങൾക്ക് സമീപം ഇവയെ ധാരാളമായി കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് കോൺ സ്നേക്ക് എന്ന പേര് ലഭിക്കുന്നത്. ബ്രസീൽ പോലുള്ള പല വിദേശരാജ്യങ്ങളിലും ഏറ്റവും പ്രചാരമുള്ള ഒരു വളർത്തു പാമ്പാണ് കോൺ സ്നേക്ക്. ചൈനയിൽ പാമ്പിനെ കടത്താൻ ശ്രമിച്ച യുവതിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈയടുത്ത് ചെന്നൈ എയർപോർട്ടിലും ഇതിനു സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് വിമാനത്താവളത്തിൽ നിന്നും ഒരു യാത്രക്കാരന്റെ ബാഗേജിലാണ് കോൺ സ്നേക്ക് അടക്കമുള്ള ജീവികളെ കണ്ടെത്തിയത്. പെരുമ്പാമ്പുകൾ, നക്ഷത്ര ആമകൾ എന്നിവയെല്ലാം അന്ന് കണ്ടെത്തിയിരുന്നു.
Discussion about this post