ചെന്നൈ: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ ചെന്നൈ കൊടുംദുരിതം പേറുമ്പോള്‍ ദുരിതാശ്വാസ വസ്തുക്കളിലും രാഷ്ട്രീയ മുതലെടുപ്പിന് മുഖ്യമന്ത്രി ജയലളിതയുടെ ശ്രമം. ദുരിത ബാധിതര്‍ക്ക് സഹായഹസ്തമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന ഭക്ഷണപ്പൊതികളും മറ്റു അവശ്യവസ്തുക്കളും ജയലളിതയുടെ ചി്ത്രമുള്ള സ്റ്റിക്കര്‍ ഒട്ടിച്ച ശേഷം മാത്രമാണ് വിതരണം ചെയ്യുന്നത്.
ജയലളിതയുടെ സ്റ്റിക്കര്‍ പതിച്ചാല്‍ മാത്രമെ ദുരിതാശ്വാസ വസ്തുക്കള്‍ മേഖലയിലേക്ക് കടത്തിവിടൂവെന്ന പരാതി വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ചെന്നൈയിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയയുടെ സ്റ്റിക്കര്‍ ഒട്ടിക്കുന്ന ചിത്രംവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സഹായ വസ്ത്തുക്കളില്‍ ജയലളിതയുടെ സ്റ്റിക്കര്‍ പതിക്കാന്‍ എഐഎഡിംഎംകെ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതിന് ശേഷമാണ് ഇവ ചെന്നൈ, കുഡല്ലൂര്‍ തുടങ്ങിയ പ്രളയ ബാധിത മേഖലകളിലേക്ക് കടത്തിവിടുന്നത്.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദുരിതാസ്വാസ പ്രവര്‍ത്തനങ്ങളില്‍ പോലും ജയലളിത രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന ആരോപണം ശക്തമാണ്.പ്രളയത്തില്‍ മുങ്ങിയ ജയയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ദുരിതബാധിതരെ സന്ദര്‍ശിക്കാനെത്തിയ മുതിര്‍ന്ന മന്ത്രിമാരായ നാഥം വിശ്വനാഥന്‍, സെല്ലൂര്‍ രാജു, ഗോകുല്‍ ഇന്ദിര എന്നിവര്‍ക്ക് കടുത്ത പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു.
സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് ഉടന്‍ പിന്മാറേണ്ടിയും വന്നിരുന്നു. അതേസമയം, സൈനികരുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ നഗരത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Discussion about this post