ഇസ്ലാമാബാദ് : ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്താൻ വനിതാ ക്രിക്കറ്റ് താരം ആയിഷ നസീം. ഇസ്ലാം അനുശാസിക്കുന്ന വഴിയിലൂടെ ജീവിക്കാൻ വേണ്ടിയാണ് താൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത് എന്ന് 18 കാരിയായ താരം പറഞ്ഞു. ഈ വിവരം പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെയും അറിയിച്ചുകഴിഞ്ഞു.
” ഞാൻ ക്രിക്കറ്റ് കളിക്കുന്നത് നിർത്തുകയാണ്. ഇനിയെനിക്ക് ഇസ്ലാം അനുശാസിക്കുന്ന വഴിയിലൂടെ ജീവിക്കണം” ആയിഷ പറഞ്ഞു.
2020 ലാണ് ഐസിസി വനിതാ ടി20 ലോകകപ്പിൽ പാകിസ്താൻ ടീമിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടത്. 2020 മാർച്ചിൽ തായ്ലൻഡിനെതിരെ പാകിസ്താനുവേണ്ടി കളിച്ചുകൊണ്ടാണ് ആയിഷ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.
പാകിസ്താനുവേണ്ടി നാല് ഏകദിനങ്ങളിലും നാല് ടി20 മത്സരങ്ങളിലും പങ്കെടുത്തു. 128.12 സ്ട്രൈക്ക് റേറ്റോടെ തന്റെ ടി20 അന്താരാഷ്ട്ര കരിയറിൽ ആകെ 369 റൺസ് അവർ നേടിയിട്ടുണ്ട്. ഏകദിനത്തിൽ രണ്ട് സിക്‌സുകളും ടി20യിൽ 18 സിക്‌സുകളും നേടി.
ഈ വർഷം ഫെബ്രുവരി 15 നാണ് ആയിഷ തന്റെ അവസാന ടി20 മത്സരം കളിച്ചത്. ക്രിക്കറ്റ് താരത്തിന്റെ ആദ്യ ഏകദിന മത്സരം 2021 ജൂലൈയിലായിരുന്നു. അന്താരാഷ്ട്ര മത്സരത്തിൽ ആകെ 402 റൺസ് താരം നേടിയിട്ടുണ്ട്. 2023 ജനുവരിയിൽ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടി20 ഐ മത്സരത്തിൽ 20 പന്തിൽ മൂന്ന് സിക്സറും ഒരു ഫോറും സഹിതം 24 റൺസ് നേടിക്കൊണ്ടാണ് ആയിഷ തിളങ്ങിയത്.
നേരത്തെ പാകിസ്താൻ നടിമാരായ അനും ഫയാസ്, സർനീഷ് ഖാൻ എന്നിവരും ഇന്ത്യൻ താരങ്ങളായ സന ഖാൻ, സൈറ വസീം എന്നിവരും തങ്ങളുടെ കരിയർ ഉപേക്ഷിച്ച് ഇസ്ലാമിന് വേണ്ടി ജീവിക്കുമെന്ന് തീരുമാനമെടുത്തിരുന്നു.
Discussion about this post