മഹാരാഷ്ട്രയിൽ ഉരുൾപ്പൊട്ടലിൽ 16 മരണം ; 100 ഓളം പേർ മണ്ണിനടിയിൽ, രക്ഷാപ്രവർത്തനങ്ങൾ തുടരും

Published by
Brave India Desk

മുംബൈ : മഹാരാഷ്ട്രയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ 16 പേർ മരണപ്പെട്ടു. റായ്ഖഢ് ജില്ലയിലാണ് സംഭവം. ജില്ലയിലെ ആദിവാസി ഊരിൽ നാശം വിതച്ച മഴയിൽ 17 വീടുകളാണ് നിലം പതിച്ചത്. 21 ഓളം പേരെ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തുകയുണ്ടായി.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ 5 ലക്ഷം രൂപ പ്രഖ്യാപിച്ചു. അതേസമയം അപകട മേഖലകളിൽ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. 100 ഓളം പേർ ഇപ്പോഴും മണ്ണിനടിയിൽ അകപ്പെട്ടതായാണ് പ്രദേശ നിവാസികൾ പറയുന്നത്.

ഉയർന്ന മലപ്രദേശമായതിനാൽ ജെസിബി, യന്ത്ര ഉപകരണങ്ങൾ എന്നിവ കൊണ്ടുളള തിരച്ചിൽ സാധ്യമല്ല. അതേസമയം അപകട സ്ഥലങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇർഷൽവാദി ഗ്രാമ പ്രദേശങ്ങളിൽ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. മലയോര മേഖലകളിൽ പെയ്ത ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപ്പൊട്ടലാണ് ദുരന്തത്തിനിടയാക്കിയത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ദുരന്ത മേഖല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.

 

Share
Leave a Comment

Recent News