കൊച്ചി: മിച്ചഭൂമി കേസിൽ പി വി അൻവർ എം എൽ എക്ക് വേണ്ടി ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് സംസ്ഥാന റവന്യൂ വകുപ്പ്. കോടതി ഉത്തരവ് നടപ്പാക്കാൻ വൈകിയതിന് കോടതിയലക്ഷ്യ നടപടികളിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടാണ് സോണൽ ലാൻഡ് ബോർഡ് ചെയർമാനും സ്പെഷ്യൽ ഡെപ്യൂട്ടി തഹസീൽദാരും കോടതിയിൽ മാപ്പപേക്ഷ സമർപ്പിച്ചത്.
മിച്ചഭൂമി കേസിൽ കൂടുതൽ പരിശോധനകളും അന്വേഷണങ്ങളും നടന്ന് വരികയാണ്. 20 ഏക്കറിലധികം ഭൂമി അൻവറിന്റെ കൈവശം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നടപടികൾ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സാവകാശം നൽകണമെന്നും റവന്യൂ വകുപ്പ് കോടതിയിൽ അപേക്ഷ നൽകി.
അപേക്ഷ പരിഗണിച്ച കോടതി, ഇനി ഇക്കാര്യത്തിൽ ഒരു അവധി ഉണ്ടാകില്ലെന്ന കർശന ഉപാധിയിന്മേൽ മിച്ചഭൂമി തിരികെ പിടിക്കാൻ ഒക്ടോബർ 18 വരെ സമയം നീട്ടി നൽകി. ഭൂപരിഷ്കരണ നിയമം ലംഘിച്ച് അൻവറും കുടുംബവും കൈവശം വെച്ചിരിക്കുന്ന ഭൂമി തിരികെ പിടിക്കാൻ 2017ലാണ് സംസ്ഥാന ലാൻഡ് ബോർഡിനും താമരശേരി ലാൻഡ് ബോർഡിനും ഹൈക്കോടതി നിർദേശം നൽകിയത്. ഭൂമി തിരിച്ചു പിടിക്കാൻ ഇതിനിടെ രണ്ട് തവണ കോടതി സമയം നീട്ടി നൽകിയെങ്കിലും സർക്കാർ ഇക്കാര്യത്തിൽ ഇപ്പോഴും അലംഭാവം തുടരുകയാണ്.
Discussion about this post