തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അഞ്ച് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛൻ പിടിയിൽ. മൈലച്ചിൽ സ്വദേശി സുബിൻ (29) ആണ് പിടിയിലായത്. ആക്രമണത്തിൽ പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
പാച്ചല്ലൂർ സ്വദേശിനിയാണ് കുട്ടിയുടെ മാതാവ്. വിധവയായ ഇവർക്കൊപ്പം ആണ് കഴിഞ്ഞ ഏതാനും നാളുകളായി സുബിൻ താമസിച്ചു പോരുന്നത്. ഇയാൾ ഇടയ്ക്കിടെ കുട്ടിയെയും യുവതിയെയും മർദ്ദിക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ ദിവസവും സമാന രീതിയിൽ ഇയാൾ കുട്ടിയെ മർദ്ദിച്ചു. എന്നാൽ സാരമായി പരിക്കേൽക്കുകയായിരുന്നു. മദ്യലഹരിയിൽ ആയിരുന്നു ഇയാൾ കുട്ടിയെ മർദ്ദിച്ചത്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയ്ക്കും ക്രൂരമർദ്ദനം ഏൽക്കുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാരാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. സുബിനെ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചതും നാട്ടുകാരാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടിയുള്ളത്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
ഭർത്താവ് മരിച്ച പാച്ചല്ലൂർ സ്വദേശിനിയ്ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. സ്‌കൂളിൽവച്ചാണ് സുബിൻ യുവതിയുമായി അടുക്കുന്നത്. തുടർന്ന് യുവതിയ്‌ക്കൊപ്പം താമസമാക്കുകയായിരുന്നു.
Discussion about this post