‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യു എസ് പിടികൂടി അധികാരഭ്രഷ്ടനാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ കരുത്തുറ്റ 150 ഓളം യുദ്ധവിമാനങ്ങൾ ഈ ദൗത്യത്തിൽ പങ്കെടുത്തു എന്നാണ് പറയുന്നത്. എന്നാൽ ഈ യുദ്ധവിമാനങ്ങളെക്കാൾ ഇപ്പോൾ ശ്രദ്ധ നേടുന്നത് അമേരിക്കൻ സൈന്യത്തിന്റെ ഒരു യുദ്ധകപ്പലാണ്. യുഎസ്എസ് ഇവോ ജിമ എന്ന ഈ യുദ്ധക്കപ്പൽ ഈ ഓപ്പറേഷനിൽ ഒരു പ്രധാന പങ്ക് വഹിച്ചു. നിക്കോളാസ് മഡുറോയെ യു എസിലെത്തിച്ച ഈ യുഎസ് യുദ്ധകപ്പൽ കടലിലെ പൊങ്ങിക്കിടക്കുന്ന കോട്ട എന്നാണ് അറിയപ്പെടുന്നത്.
ഇവോ ജിമ (LHD-7) യുഎസ് സൈന്യത്തിന്റെ കൈവശമുള്ള ഒരു വലിയ നാവിക കപ്പലാണ്. ഇതിന് 840 അടി നീളവും 140 അടി വീതിയുള്ള ഒരു ഫ്ലൈറ്റ് ഡെക്കാണ് ഉള്ളത്. കപ്പലിൽ മറൈൻ സൈനികർ, ഹെലികോപ്റ്ററുകൾ, ജെറ്റുകൾ, ബോട്ടുകൾ എന്നിവയുണ്ട്, ഇത് സൈനികരെയും വാഹനങ്ങളെയും നേരിട്ട് കരയിലേക്ക് ഇറക്കാൻ അനുവദിക്കുന്നു. കടലിലും കരയിലും ആക്രമണങ്ങൾ നടത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഇവോ ജിമ.
മിസൈൽ ലോഞ്ചറുകൾ, റഡാർ-ഗൈഡഡ് തോക്കുകൾ, മെഷീൻ ഗണ്ണുകൾ, മറ്റ് ആയുധങ്ങൾ എന്നിവ ഇവോ ജിമയിൽ സജ്ജീകരിച്ചിട്ടുണ്ട്. 1,208 നാവികരും ഏകദേശം 1,894 മറൈൻ സൈനികരും ഉൾക്കൊള്ളുന്ന സൈന്യം ആയിരിക്കും ഈ യുദ്ധക്കപ്പലിൽ സാധാരണയായി ഉണ്ടായിരിക്കുക. CH-53, MV-22 പോലുള്ള ഹെവി, മൾട്ടി-റോൾ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ 20 മുതൽ 30 വരെ ഹെലികോപ്റ്ററുകൾ വിന്യസിക്കാൻ ഇതിന് കഴിയും. കൂടാതെ, ആറ് AV-8B അല്ലെങ്കിൽ അത്യാധുനിക F-35B യുദ്ധവിമാനങ്ങൾ വരെ ഉൾക്കൊള്ളാനും ഇവോ ജിമക്ക് കഴിയും. അടിയന്തരാവസ്ഥകളിലും യുദ്ധസമയത്തും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനുള്ള ആധുനിക മെഡിക്കൽ സൗകര്യങ്ങളും ഈ യുദ്ധക്കപ്പലിൽ ഉണ്ട്.









Discussion about this post