കത്തോലിക്കനായി വളർന്ന്, പിന്നീട് കമ്മ്യൂണിസ്റ്റായി ഒരു രാജ്യത്തെ സ്വേച്ഛാധിപത്യത്തിലൂടെ തന്റെ നിയന്ത്രണത്തിൽ ഒതുക്കിയിരുന്നപ്പോഴും ആത്മീയ വിഷയത്തിൽ അല്പം വ്യത്യസ്തനായിരുന്നു വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ. ഇന്ത്യൻ ആത്മീയ ഗുരു സായി ബാബയുടെ കടുത്ത ഭക്തനായിരുന്നു മഡുറോ. സായിബാബയുടെ മരണത്തിന് വെനിസ്വേലയിൽ ഒരു ഔദ്യോഗിക ദുഃഖാചരണ പ്രമേയം പോലും അദ്ദേഹം പാസാക്കിയിരുന്നു. അത്തരത്തിൽ ഒരു വിദേശ ആത്മീയ ഗുരുവിന്റെ മരണം ദേശീയ ഔദ്യോഗിക ദുഃഖാചരണമായി പ്രഖ്യാപിച്ച ഒരേയൊരു വിദേശ രാജ്യമായിരുന്നു വെനിസ്വേല. 2005-ലെ ഇന്ത്യാ സന്ദർശന വേളയിൽ ആണ് അദ്ദേഹം സായിബാബയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ ഭക്തനായി മാറുകയും ചെയ്തത്.

ഭാര്യ സിലിയ ഫ്ലോറസിലൂടെ ആണ് നിക്കോളാസ് മഡുറോ സായി ബാബയെ കുറിച്ച് അറിയുന്നത്. ബാബയിൽ വളരെ വിശ്വാസം അർപ്പിച്ചിരുന്ന ഭക്തയായിരുന്നു സിലിയ ഫ്ലോറസ്. വിവാഹിതരാകുന്നതിനും ഏറെക്കാലം മുൻപ് തന്നെ സിലിയ ഫ്ലോറസും മഡുറോയും ഇന്ത്യയിലെത്തി സായിബാബയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അക്കാലത്ത് സിലിയ ഫ്ലോറസ് മുൻ പ്രസിഡന്റ് ഹ്യൂഗോ ചാവേസിന്റെ അഭിഭാഷകയും മഡുറോ അസംബ്ലി സ്പീക്കറുമായിരുന്നു. പിന്നീട് മഡുറോ വിദേശകാര്യ മന്ത്രിയായി നിയമിതനായപ്പോൾ ഫ്ലോറസ് മഡുറോയ്ക്ക് പകരം സ്പീക്കറായി.
2005ൽ നടന്ന ഇന്ത്യയിലെത്തിയ മഡുറോ പ്രശാന്തി നിലയത്തിൽ എത്തി സായിബാബയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തി. അന്നുമുതൽ സായിബാബയുടെ വിശ്വസ്തനായ ഭക്തനാണ് മഡുറോ. വെനിസ്വേലയിലെ കാരക്കാസിലെ മിറാഫ്ലോറസ് പ്രസിഡൻഷ്യൽ പാലസിലെ മഡുറോയുടെ സ്വകാര്യ ഓഫീസിൽ സൈമൺ ബൊളിവർ, അദ്ദേഹത്തിന്റെ മുൻഗാമിയായ ഹ്യൂഗോ ചാവേസ് തുടങ്ങിയ വിപ്ലവകാരികളുടെ അടുത്തായി സായിബാബയുടെ ഒരു വലിയ ഫ്രെയിം ചെയ്ത ഛായാചിത്രവും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. 2011 ഏപ്രിലിൽ സായി ബാബ മരിച്ചപ്പോൾ, ചാവേസ് സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്ന മഡുറോ, വെനിസ്വേലൻ ദേശീയ അസംബ്ലിയെക്കൊണ്ട് സായിബാബയോടുള്ള ബഹുമാനാർത്ഥം ഒരു ഔദ്യോഗിക അനുശോചന പ്രമേയവും പാസാക്കിയിരുന്നു.
“മാനവികതയ്ക്ക് ഗുരു നൽകിയ ആത്മീയ സംഭാവനകളെ ആദരിക്കുന്നതിനായി വെനിസ്വേല ഒരു ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുന്നു” എന്നായിരുന്നു അന്ന് മഡുറോ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. ഏറ്റവും ഒടുവിൽ, 2025 നവംബർ 23 ന്, സായി ബാബയുടെ 100-ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ പോലും അദ്ദേഹത്തിനെ പ്രത്യേകമായി അനുസ്മരിക്കാൻ മഡുറോ മറന്നില്ല. സായിബാബ തന്റെ ജീവിതത്തിലെ വെളിച്ചം ആണെന്ന് അന്ന് അദ്ദേഹം സൂചിപ്പിച്ചു. സായിബാബയെ ദർശിച്ചതിലുള്ള ഓർമ്മ തന്റെ ജീവിതത്തിന് ഒരു ശാശ്വതമായ സന്ദേശത്തിന്റെ ശക്തി പകരുന്നു എന്നും സായി ബാബയുടെ 100-ാം ജന്മവാർഷിക വേളയിൽ നിക്കോളാസ് മഡുറോ വ്യക്തമാക്കിയിരുന്നു.









Discussion about this post