ചെന്നൈ: പ്രളയദുരിതത്തില്‍ കുടുങ്ങിയ നൂറുകണക്കിന് മലയാളികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ഏര്‍പ്പെടുത്തിയ സൗജന്യ യാത്ര നാട്ടിലെത്താനുള്ള അത്താണിയായി. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് കോയമ്പേട് മൊഫ്യുസില്‍ ബസ് ടെര്‍മിനസില്‍നിന്ന് ആദ്യ ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്. 12 ബസ്സുകളിലായി 600ഓളം പേരാണ് ശനിയാഴ്ച നാട്ടിലേക്ക് യാത്രതിരിച്ചത്.
നാട്ടിലെത്താന്‍ യാതൊരു മാര്‍ഗവുമില്ലാതെ വലയുകയായിരുന്നു തങ്ങളെന്നും ഈ സൗകര്യമേര്‍പ്പെടുത്തിയ കേരള സര്‍ക്കാറിനോട് പ്രത്യേക നന്ദിയുണ്ടെന്നും ബസ്സില്‍ യാത്രതിരിച്ച ചെന്നൈയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിസംഘം പറഞ്ഞു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിലേക്കായിരുന്നു സര്‍വീസ്. മലബാര്‍ മേഖലയിലേക്കാണ് കൂടുതല്‍ തിരക്കനുഭവപ്പെട്ടത്. ഞായറാഴ്ചയും ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് 12 ബസ്സുണ്ടാകും.ശനിയാഴ്ച യാത്രതിരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഞായറാഴ്ച മുന്‍ഗണന നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post