കുമളി: ശനിയാഴ്ച രാത്രി കനത്ത മഴ പെയ്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. തേക്കടി, കുമിളി, പെരിയാര്‍ എന്നിവിടങ്ങളില്‍ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയത്.
രാവിലെ മുതല്‍ അന്തരീക്ഷം മൂടിക്കെട്ടി നിന്നെങ്കിലും രാത്രിയോടെയാണ് കാട്ടിനുള്ളില്‍ കനത്ത മഴ പെയ്തത്. വനമേഖലയിലെ ഉറവകളില്‍ നിന്നും ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂടുന്നുണ്ട്. ഇത് വരും ദിവസങ്ങളിലും ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് കണക്കാക്കുന്നത്.
സുരക്ഷ കാര്യങ്ങള്‍ വിലയിരുത്താന്‍ മുല്ലപെരിയാര്‍ ഉപസമിതി ഡാം സന്ദര്‍ശിച്ചു. ഇന്നും ഉപസമിതി ഡാമിലെ സുരക്ഷകാര്യങ്ങള്‍ വിലയിരുത്തും. കളക്ട്രേറ്റില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തയോഗത്തിലും സുരക്ഷക്രമീകരണങ്ങള്‍ വിലയിരുത്തി.
ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ഏറ്റവും ആദ്യം ബാധിക്കുന്ന വണ്ടിപ്പെരിയാറിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു. ഇവിടെ 129 കുടുംബങ്ങളാണ് ഉള്ളത്. അത്യാവാശ്യമെന്നുകണ്ടാല് എന്‍.സി.സി., എന്‍.എസ്.എസ്. പ്രവര്‍ത്തകരേയും രംഗത്ത് എത്തിക്കാനാണ് തീരുമാനം. സുരക്ഷാ പ്രവര്‍ത്തനത്തിനായി ദുരന്ത നിവാരണ സേനയും പീരുമേട് താലുക്കില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അണക്കെട്ടില്‍ 7315 ദശലക്ഷം ഘനയടി ജലമാണ് സംഭരിക്കപ്പെട്ടിട്ടുള്ളത്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുമെന്ന് റിപ്പോര്‍ട്ട്.
Discussion about this post