കുട്ടികളിൽ ഉണ്ടാവുന്ന പ്രമേഹം ഇന്ത്യയിൽ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിലെ എട്ടു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളിൽ ജുവനൈൽ ഡയബറ്റിസ് അതിവേഗത്തിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട് . പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിൽ നിന്നുള്ള റിസർച്ച് ആൻഡ് ഹെൽത്ത് പ്രൊമോഷന്റെ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ . ഇന്ത്യയിലെ കുട്ടികളിൽ കുട്ടിക്കാലത്തോ കൗമാരകാലത്തോ പ്രേമേഹം ബാധിച്ചവരുടെ എണ്ണവും ഇൻസുലിൻ കുത്തിവെപ്പ് എടുക്കുന്ന കുട്ടികളുടെ എണ്ണവും വേഗത്തിൽ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ദേശീയ പഠനത്തിൽ കുട്ടികളിൽ ടൈപ്പ് 1 പ്രമേഹം കൂടി വരുന്നതായി വ്യക്തമാക്കുന്നു . 14 വയസ്സിന് താഴെയുള്ള കുട്ടികളിൽ ടൈപ്പ് 1 പ്രമേഹമുള്ള 95,600 കുട്ടികളെ കണ്ടെത്തി. ഓരോ വർഷവും 15,900 പുതിയ കുട്ടിക്കാലത്തെ പ്രമേഹ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൗമാരക്കാർക്കിടയിലെ ഉയർന്ന കൊഴുപ്പും ഉയർന്ന ഉപ്പും ഉയർന്ന പഞ്ചസാരയും അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗം അസുഖ സാധ്യത കൂടുതൽ വർദ്ധിപ്പിക്കുന്ന ഘടകമായി മാറുന്നു എന്നാണ് പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് . ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ വസിക്കുന്ന കുട്ടികളാണ് കുട്ടിക്കാലത്ത് പ്രമേഹം വരുന്നവരിൽ കൂടുതലായും ഉള്ളത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എപ്പിഡെമിയോളജിക്കൽ, പോഷകാഹാര പരിവർത്തനം , വർദ്ധിച്ചുവരുന്ന ഉദാസീനമായ ജീവിതശൈലി എന്നിവയുൾപ്പെടെയുള്ള ഒന്നിലധികം ഘടകങ്ങൾ ഈ മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കുട്ടിക്കാലത്ത് തന്നെ പ്രമേഹം ഉണ്ടാകുന്നവരിൽ അവർ വളരുമ്പോൾ വൃക്ക, ഹൃദയം, കണ്ണുകൾ എന്നിവയെ ബാധിക്കുന്ന സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതവണ്ണം, മോശം ജീവിതശൈലി , വേണ്ടത്ര ശാരീരിക വ്യായാമങ്ങളുടെ അഭാവം എന്നിവയെല്ലാം പ്രമേഹത്തിന് കാരണമാകുന്ന ഘടകങ്ങളാണ്.
ജുവനൈൽ ഡയബറ്റിസ് അഥവാ കുട്ടികളിൽ ഉണ്ടാവുന്ന പ്രമേഹം ടൈപ്പ് 1 പ്രമേഹം എന്നും അറിയപ്പെടാറുണ്ട്. ശരീരത്തിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ പ്രതിരോധ സംവിധാനം തകരാറിലാക്കുമ്പോൾ ആണ് ജുവനൈൽ ഡയബറ്റിസ് ഉണ്ടാകുന്നത്. ശരീരകലകളിലേക്ക് പഞ്ചസാരയോ ഗ്ലൂക്കോസോ എത്തിക്കുന്ന പ്രാഥമിക ചുമതല നിർവഹിക്കുന്ന ഹോർമോണാണ് ഇൻസുലിൻ എന്നതിനാൽ ബീറ്റാ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ആ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. കോശങ്ങൾക്ക് അവയുടെ ഊർജ്ജ ആവശ്യങ്ങൾക്ക് ഗ്ലൂക്കോസ് ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ കൊഴുപ്പ് പോലെയുള്ള ഊർജ്ജത്തിന്റെ ഒരു ഇതര സ്രോതസ്സ് ഉപയോഗിക്കുന്നതാണ്. ഇത് ഒരു തരം ആസിഡിന്റെ ഉത്പാദനത്തിലേക്ക് നയിക്കുന്നതാണ് .
സമീകൃതമായ പോഷകാഹാരം പല അസുഖങ്ങളെയും അകറ്റിനിർത്തുന്ന ഔഷധം കൂടിയാണ്. ആരോഗ്യകരമായ ജീവിതശൈലി, ഉചിതമായ ഭക്ഷണക്രമം എന്നിവയിലൂടെ ഈ വിട്ടുമാറാത്ത അവസ്ഥയിൽ ബുദ്ധിമുട്ടുന്ന കുട്ടികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ജുവനൈൽ പ്രമേഹം നിയന്ത്രിക്കാനും നല്ല പരിപാലനത്തിലൂടെ ആരോഗ്യകരമായി മുന്നോട്ടു പോകുവാനും കഴിയും.
Discussion about this post