ചൈനയിൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിനുള്ളിൽ വൻ അധികാര തർക്കവും തകർച്ചയുമെന്ന് റിപ്പോർട്ടുകൾ. ചൈനീസ് സൈന്യത്തിൽ അഴിമതിയുടെ പേരിലുള്ള വൻ ശുദ്ധീകരണം നടക്കുകയാണെന്നാണ് വിവരങ്ങൾ. ചൈനയുടെ ഏറ്റവും ശക്തമായ സൈനിക സമിതിയായ സെൻട്രൽ മിലിട്ടറി കമ്മീഷന്റെ (CMC) സീനിയർ വൈസ് ചെയർമാൻ ജനറൽ ഷാങ് യൂക്സിയ, ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ലിയു ഷെൻലി എന്നിവർക്കെതിരെ അഴിമതിക്കേസിൽ അന്വേഷണം ആരംഭിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഷി ജിൻപിംഗിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി അറിയപ്പെട്ടിരുന്ന 75-കാരനായ ഷാങ് യൂക്സിയയുടെ പതനം ചൈനീസ് രാഷ്ട്രീയത്തിൽ ഭൂകമ്പം സൃഷ്ടിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിനെതിരെയുള്ള അന്വേഷണം ഷി ജിൻപിംഗിന്റെ അധികാരത്തിന് നേരിട്ടുള്ള വെല്ലുവിളിയായാണ് പലരും കാണുന്നത്. യുദ്ധതന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്ന ജോയിന്റ് സ്റ്റാഫ് ഡിപ്പാർട്ട്‌മെന്റിന്റെ തലവനായ ലിയു ഷെൻലിയ്ക്കെതിരായ അന്വേഷണവും ചർച്ചയാവുന്നുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവർ പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷരായിരുന്നു. ചൈനയുടെ ആണവായുധങ്ങളുടെ ചുമതലയുള്ള റോക്കറ്റ് ഫോഴ്‌സിനെ പിടിച്ചുലച്ച അഴിമതിക്ക് പിന്നാലെയാണ് ഇപ്പോൾ സൈന്യത്തിന്റെ തലപ്പത്തുള്ളവർ തന്നെ ഒന്നൊന്നായി പുറത്താകുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ മറ്റൊരു വൈസ് ചെയർമാനായ ഹെ വെയ്‌ഡോംഗിനെയും പുറത്താക്കിയിരുന്നു. നിലവിൽ സെവൻ മെമ്പർ കമ്മീഷനിൽ ഷി ജിൻപിംഗും ഷാങ് ഷെങ്‌മിനും മാത്രമാണ് സുരക്ഷിതരായി അവശേഷിക്കുന്നത്.ഷി ജിൻപിംഗും സൈന്യത്തിലെ മുതിർന്ന നേതാക്കളും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾ നിലവിലുണ്ട്. തനിക്ക് ഭീഷണിയാകുമെന്ന് കരുതുന്ന നേതാക്കളെ അഴിമതിയുടെ പേരിൽ പുറത്താക്കി തന്റെ അധികാരം ഉറപ്പിക്കാനാണ് ഷി ശ്രമിക്കുന്നതെന്ന് ഒരു വിഭാഗം നിരീക്ഷകർ കരുതുന്നു.
സൈന്യത്തിനുള്ളിലെ ഇത്രയും വലിയൊരു വിഭാഗം എതിരാകുന്നത് ഒരു സൈനിക അട്ടിമറിക്ക് വഴിതെളിക്കുമോ എന്ന ഭയം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ട്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഷി ജിൻപിംഗിന്റെ ആരോഗ്യത്തെക്കുറിച്ചും സ്ഥാനത്യാഗത്തെക്കുറിച്ചുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തായ്‌വാൻ പിടിച്ചെടുക്കാനുള്ള സൈനിക നീക്കങ്ങളിൽ സൈനിക തലവന്മാരും ഷി ജിൻപിംഗും തമ്മിൽ ഏകോപനമില്ലാത്തതും ഈ അഴിച്ചുപണിക്ക് കാരണമായി പറയപ്പെടുന്നു. യുദ്ധത്തിന് സജ്ജമല്ലെന്ന് പറയുന്ന ജനറൽമാരെ ഷി ജിൻപിംഗ് അഴിമതി ആരോപിച്ചു പുറത്താക്കുകയാണെന്ന വാദവും ശക്തമാണ്.













Discussion about this post