ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ ലോകശക്തികൾക്കിടയിലെ രാജ്യത്തിന്റെ വളരുന്ന സ്വാധീനത്തിന്റെ വിളംബരമാകുന്നു. ഇത്തവണത്തെ പരേഡിൽ മുഖ്യാതിഥികളായി എത്തുന്നത് യൂറോപ്യൻ യൂണിയൻ (EU) നേതാക്കളായ അന്റോണിയോ കോസ്റ്റയും ഉർസുല വോൺ ഡെർ ലെയ്‌നുമാണ്. ചരിത്രത്തിലാദ്യമായി യൂറോപ്യൻ യൂണിയന്റെ ഒരു സൈനിക സംഘം ഇത്തവണ കർത്തവ്യ പഥിലെ മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്നുവെന്നത് ഇന്ത്യ കൈവരിച്ച തന്ത്രപരമായ വിജയമായി വിലയിരുത്തപ്പെടുന്നു. രണ്ട് ജിപ്‌സി വാഹനങ്ങളിലായി നാല് യൂറോപ്യൻ യൂണിയൻ പതാക വാഹകർ പരേഡിനെ നയിക്കും.
എന്നാൽ, ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ഈ വളരുന്ന ബന്ധം ഖലിസ്ഥാൻ ഭീകര സംഘടനകളെയും അവരുടെ പിന്നിലെ ചാലകശക്തിയായ പാക് ചാരസംഘടന ഐ.എസ്.ഐയെയും അങ്ങേയറ്റം പ്രകോപിപ്പിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്രോയേഷ്യയിലെ സാഗ്രെബിലുള്ള ഇന്ത്യൻ എംബസിക്ക് നേരെ നടന്ന ആക്രമണം ഇതിന്റെ സൂചനയാണെന്നാണ് റിപ്പോർട്ടുകൾ . സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ) പോലുള്ള ഭീകര സംഘങ്ങൾ എംബസിയിൽ അതിക്രമിച്ചു കയറാനും ദേശീയ പതാകയെ അപമാനിക്കാനും ശ്രമിച്ചത് യൂറോപ്യൻ നേതാക്കൾ ഭാരതത്തിലെത്തുന്നതിലുള്ള അമർഷം മൂലമാണെന്നാണ് സൂചന.
റിപ്പബ്ലിക് ദിനത്തിന് തൊട്ടുപിന്നാലെ നടക്കുന്ന 16-ാമത് ഇന്ത്യാ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും. ലോകം കാത്തിരിക്കുന്ന ‘എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) ഈ സന്ദർശന വേളയിൽ അന്തിമഘട്ടത്തിലെത്തും. 200 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന വമ്പൻ വിപണിയും ആഗോള ജിഡിപിയുടെ നാലിലൊന്നും ഈ കരാറിലൂടെ സംയോജിക്കപ്പെടും. സൈബർ സുരക്ഷ, പ്രതിരോധ സഹകരണം, ഭീകരവാദ വിരുദ്ധ പോരാട്ടം തുടങ്ങിയ നിർണായക മേഖലകളിൽ ഇരുപക്ഷവും പുതിയ ധാരണകളിലെത്തും.
ദേശീയതയുടെ കരുത്ത് വിളിച്ചോതുന്ന ‘വന്ദേമാതരം’ ആണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പ്രമേയം. വന്ദേമാതരം രചിക്കപ്പെട്ടതിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെയും ആധുനിക കാലത്തെ പുരോഗതിയെയും പരേഡ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും. ‘സ്വാതന്ത്ര്യത്തിന്റെ മന്ത്രം വന്ദേമാതരം, സമൃദ്ധിയുടെ മന്ത്രം ആത്മനിർഭർ ഭാരത്’ എന്ന സന്ദേശവുമായാണ് ഇത്തവണത്തെ ആഘോഷങ്ങൾ അണിയിച്ചൊരുക്കുന്നത്.











Discussion about this post