പന്ത്രണ്ടു വയസ്സുകാരിയെ രണ്ടര വർഷത്തോളമായി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ വടകര സ്വദേശിയായ പ്രവാസി വ്യവസായിക്കെതിരെ പയ്യോളി പോലീസ് പോക്സോ കേസെടുത്തു. വടകര കീഴൽ ബാങ്ക് റോഡ് സ്വദേശി ചങ്ങരോത്ത് അബ്ദുൾ റഫീഖിനെതിരെയാണ് (48) കേസെടുത്തത്. സ്വന്തം മകളുടെ പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്ത മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിനിടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്.
കഴിഞ്ഞ രണ്ടര വർഷമായി താൻ നേരിടുന്ന യാതന പെൺകുട്ടി സ്കൂൾ അധികൃതരോട് തുറന്നു പറയുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിച്ചു. കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ അബ്ദുൾ റഫീഖ് നാട്ടിലെത്തുന്ന സമയങ്ങളിലെല്ലാം പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് മൊഴി. പെൺകുട്ടിയുടെ പിതാവ് ജോലി ആവശ്യത്തിനായി വിദേശത്തായിരുന്ന സമയത്താണ് മാതാവിൻ്റെ അറിവോടും സമ്മതത്തോടും കൂടി പ്രതി ഈ ക്രൂരകൃത്യം തുടർന്നത്.
കേസെടുത്തതോടെ കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ മാതാവിനെ കോടതി റിമാൻഡ് ചെയ്തു. ഇവർക്കെതിരെയും പോക്സോ നിയമപ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. വിദേശത്ത് വ്യവസായിയായ പ്രതി അബ്ദുൾ റഫീഖ് ജനുവരി ആദ്യവാരം വിദേശത്തേക്ക് മടങ്ങിപ്പോയിരിക്കുകയാണ്. ഇയാളെ ഇന്റർപോൾ മുഖേനയോ മറ്റ് നിയമനടപടികൾ വഴിയോ എത്രയും വേഗം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. പയ്യോളി ഇൻസ്പെക്ടർ പി. ജിതേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടി ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.













Discussion about this post