പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ അനധികൃതമായി ഫ്ലെക്സ് ബോർഡുകളും കൊടികളും സ്ഥാപിച്ച സംഭവത്തിൽ ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ പോലീസ് കേസെടുത്തു. പാളയം മുതൽ പുളിമൂട് വരെയുള്ള പ്രധാന പാതകളിൽ ബോർഡുകൾ സ്ഥാപിച്ചതിനാണ് നടപടി. നിയമലംഘനം ചൂണ്ടിക്കാട്ടി തിരുവനന്തപുരം നഗരസഭാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നഗരസഭയുടെ മുൻകൂർ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചതിന് 20 ലക്ഷം രൂപ പിഴയൊടുക്കാനും ബിജെപി ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്. തുടർന്നാണ് വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള ഭാഗങ്ങളിൽ പരിശോധന നടത്തി നഗരസഭാ സെക്രട്ടറി പിഴ നോട്ടീസ് അയച്ചത്.
ഭരണഘടനയും നിയമവ്യവസ്ഥയും ഉയർത്തിപ്പിടിക്കുന്ന മോദി സർക്കാരിന്റെ മാതൃക പിന്തുടർന്ന്, നിയമലംഘനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശമാണ് ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ നൽകുന്നത്. പിഴ അടച്ചില്ലെങ്കിൽ നോട്ടീസ് നൽകുന്നതടക്കമുള്ള തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് റവന്യൂ വിഭാഗത്തിന്റെ തീരുമാനം. പിഴ സംഖ്യ ഒടുക്കിയില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് കടക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ആവേശം നഗരത്തിലുടനീളം അലയടിക്കുമ്പോഴും, നിയമങ്ങൾ പാലിക്കുന്നതിൽ തങ്ങൾ മാതൃകയാകണമെന്ന നിലപാടിലാണ് കോർപ്പറേഷൻ അധികൃതർ.












Discussion about this post