ബംഗലൂരു: മണിപ്പൂർ മനുഷ്യത്വം മരവിച്ച നാടാണെന്ന് ഇറോം ശർമിള. മണിപ്പൂരിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ല. താൻ ആ നാടുമായുള്ള ബന്ധം അറുത്തുമാറ്റിയെന്ന് ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
നാട്ടിൽ ആകെ സംസാരിക്കുന്നത് മൂത്ത സഹോദരിയോട് മാത്രമാണ്. അവരും കുടുംബവും വലിയ കഷ്ടത്തിലാണ്. പലരും സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്നും മെയ്തെയ് വംശജയായ ശർമിള പറഞ്ഞു.
മണിപ്പൂരിലെ കുക്കി സ്ത്രീകളോട് മെയ്‌തെയ് ഗോത്രം കാണിച്ച ക്രൂരതയ്ക്ക് ന്യായീകരണമില്ല. ജന്മനാട്ടിൽനിന്ന് പുറത്തുവരുന്ന വാർത്തകളെല്ലാം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. മെയ്തെയ് ഗോത്രത്തിന്റെ പ്രതിനിധിയെന്ന നിലയിൽ കുറ്റബോധം തോന്നുന്നുവെന്നും ഇറോം ശർമിള പറഞ്ഞു.
മണിപ്പൂരിലെന്നല്ല ലോകത്ത് എവിടെയും കലാപത്തിന്റെ ഇരകൾ സ്ത്രീകളാണ്. ഏത് ഗോത്രമായാലും സ്ത്രീകളുടെ കണ്ണീരിൽ ആനന്ദം കണ്ടെത്തുന്നവരെയാണ് മണിപ്പൂരിൽ കണ്ടത്. സ്ത്രീകളെ ലൈംഗികമായി ആക്രമിച്ച് ആനന്ദം കണ്ടെത്തുന്ന കാടൻ രീതി ഒരു പരിഷ്‌കൃത സമൂഹത്തിലാണ് അരങ്ങേറുന്നത് എന്നോർക്കണം. ലജ്ജകൊണ്ട് തന്റെ തല കുനിയുകയാണെന്നും ശർമിള പറഞ്ഞു. മണിപ്പൂരിൽ ഗോത്രവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ സൈന്യത്തിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന അഫ്സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷം നിരാഹാരമനുഷ്ഠിച്ച ഇറോം ശർമിള നിലവിൽ ബംഗലൂരുവിൽ ഭർത്താവിനോടും രണ്ട് കുട്ടികളോടുമൊപ്പം താമസിക്കുകയാണ്. 2017 മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെയും ഇടത് പക്ഷത്തിന്റെയും സംയുക്ത പിന്തുണയോടെ മത്സരിച്ച അവർ 90 വോട്ടുകൾ മാത്രം നേടി വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.
Discussion about this post